ശനിയാഴ്ച സായാഹ്നത്തില്‍ പോര്‍ട്ട്‌ചെസ്റ്ററിലെ കമ്മ്യൂണിറ്റി ഹാളില്‍ എത്തിച്ചേര്‍ന്ന സംഗീതാസ്വാദകര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവതതിന്റെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിച്ച് കൊണ്ടായിരിക്കും മടങ്ങി പോയത് എന്ന് തീര്‍ച്ചയാണ്. അത്രയേറെ ഹൃദയസ്പര്‍ശിയായ ഒരു സംഗീത സായാഹ്നം ആയിരുന്നു ടീം സംഗീത് മല്‍ഹാര്‍ അണിയിച്ചൊരുക്കിയത്. പഴയതും പുതിയതുമായ ഗാനങ്ങള്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി അനുഗ്രഹീത ഗായകരുടെ കണ്ഠനാളങ്ങളില്‍ നിന്നൊഴുകിയെത്തിയപ്പോള്‍ അത് മറക്കാനാവാത്ത അനുഭവമായി മാറി.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു ‘സംഗീത് മല്‍ഹാര്‍’ എന്ന മനോഹര പരിപാടിക്ക് ആരംഭം കുറിച്ചത്. പ്രശസ്ത ഗാന രചയിതാവായ പ്രകാശ് അഞ്ചല്‍ ആണ് ഭദ്രദീപം കൊളുത്തി സംഗീത് മല്‍ഹാര്‍ ഉദ്ഘാടനം ചെയ്തത്.  അനുഗ്രഹങ്ങളുമായി ബഹുമാനപ്പെട്ട വൈദികരായ റവ. ഫാ. അനൂപും, റവ. ഫാ. വര്‍ഗീസും പ്രകാശിനൊപ്പം നിലവിളക്കിലെ തിരിനാളങ്ങള്‍ തെളിയിച്ചു. ടീം സംഗീത് മല്‍ഹാര്‍ സാരഥികളായ നോബിള്‍ മാത്യു, രാജേഷ് ടോംസ്, മീഡിയ പാര്‍ട്ണര്‍ ആയ മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, അവതാരിക രശ്മി രാജേഷ്, മറ്റ് സംഘാടകര്‍, ഗായകര്‍ തുടങ്ങിയവരും പ്രൌഡ ഗംഭീരമായ സദസ്സിനൊപ്പം ആ ധന്യ നിമിഷത്തിനു സാക്ഷികളായി മാറി.

യുകെയിലെ ഏറ്റവും മികച്ച പാട്ടുകാര്‍ ഒന്നൊന്നായി വേദിയിലെത്തിയ അസുലഭ നിമിഷങ്ങള്‍ ആയിരുന്നു പിന്നീട്. ഓരോ പാട്ടുകളും നിറഞ്ഞ കരഘോഷത്തോടെ ആയിരുന്നു കാണികള്‍ സ്വീകരിച്ചത്. ജൂനിയര്‍ എ ആര്‍ റഹ്മാനും യതീന്ദ്രദാസും വേദിയില്‍ എത്തിയതോടെ സദസ്സ് ഇളകി മറിഞ്ഞു. അടിപൊളി ഗാനങ്ങളോടെ ഇരുവരും അരങ്ങ് തകര്‍ത്തപ്പോള്‍ അത് തികച്ചും വേറിട്ട അനുഭവമായി മാറി.

ഹൃദയഹാരിയായ ഗാനങ്ങള്‍ക്കൊപ്പം തന്നെ കണ്ണുകള്‍ക്ക് കാഴ്ച്ചയുടെ അമൃതം നല്‍കി മനോഹരമായ നൃത്തച്ചുവടുകളും അരങ്ങിലെത്തി. ബോളിവുഡ് ഗാനങ്ങള്‍ക്കും മലയാള ഗാനങ്ങള്‍ക്കും ഒപ്പം ചുവടു വച്ച നര്‍ത്തകര്‍ സദസ്യരെ ഇളക്കി മറിച്ചു. കൂടാതെ രസച്ചരട് തീര്‍ക്കാന്‍ മികച്ച കോമഡി സ്കിറ്റുകളും അരങ്ങേറി. വരുണ്‍ മയ്യനാടും ശോഭന്‍ ബാബുവും ചേര്‍ന്ന് ശബ്ദാനുകരണത്തിന്‍റെ അത്ഭുത വിദ്യകള്‍ അവതരിപ്പിച്ചത് കയ്യടി നേടി.

ഓര്‍മ്മയില്‍ എന്നെന്നും കാത്തു സൂക്ഷിക്കാന്‍ പറ്റിയ ഈ സായാഹ്നം ആസ്വദിക്കാന്‍ നവംബറിലെ കൊടും ശൈത്യം പോലും കാര്യമാക്കാതെ എത്തിയ അഞ്ഞൂറിലധികം വരുന്ന കാണികളെ കാത്ത് രുചികരമായ വിഭവങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. മിതമായ വിലക്ക് നല്‍കിയ നാടന്‍ ഭക്ഷണം ഏവരും നന്നായി ആസ്വദിച്ചു.

സംഗീത് മല്‍ഹാറിന്‍റെ നാലാം എപ്പിസോഡ് മറ്റൊരു ആഘോഷമാക്കി മാറ്റാനുള്ള തീരുമാനത്തില്‍ പരിപാടികള്‍ക്ക് തിരശ്ശീല വീണത് രാത്രി പത്ത് മണിയോട് കൂടി ആയിരുന്നു. യുകെ മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഈ പ്രോഗ്രാം സംഘാടന മികവിലും അവതരണ ശൈലിയിലും മികച്ച് നിന്ന ഒന്നായിരുന്നു എന്ന് നിസ്സംശയം പറയാം. ഗ്രേസ് മെലഡിയോസ് പോര്‍ട്സ്മൗത്ത്, ഹെവന്‍ലി വോയ്സ് സാലിസ്ബറി, മേഘ വോയ്സ് സൌത്താംപ്ടന്‍, മഴവില്‍ സംഗീതം ബോണ്‍മൌത്ത് തുടങ്ങിയ ടീമുകളില്‍ നിന്നുള്ള ഗായകര്‍ ആയിരുന്നു ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ഗാനങ്ങള്‍ ആലപിച്ചത്.

മലയാളം യുകെയ്ക്ക് വേണ്ടി ബിജു മൂന്നാനപ്പള്ളില്‍ (ബിടിഎം ഫോട്ടോഗ്രാഫി) പകര്‍ത്തിയ ‘സംഗീത് മല്‍ഹാര്‍’ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക