മണമ്പൂര്‍ സുരേഷ്

പ്രമുഖ ചിന്തകനും വാഗ്മിയും ഗ്രന്ഥകര്‍ത്താവും ആയ പ്രൊഫസര്‍ സുനില്‍ പി. ഇളയിടത്തിനെതിരെയുള്ള വധ ഭീഷണിക്കും, യൂണിവേഴ്‌സിറ്റി ഓഫീസില്‍ കയറി ആക്രമണം നടത്തിയതിനും എതിരെ ലണ്ടനില്‍ പ്രതിഷേധം നടന്നു. ഈ അക്രമത്തില്‍, യോഗം ശക്തമായ അമര്‍ഷം രേഖപ്പെടുത്തി. ഒപ്പം ഇത് പോലെ സാംസ്‌കാരിക ഫാസിസത്തിന് വിധേയരാകുന്ന ശ്രീചിത്രന്‍, സണ്ണി എം കപിക്കാട് തുടങ്ങിയവര്‍ക്കൊപ്പവും എപ്പോഴും ഉണ്ടാവും എന്നും യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സാംസ്‌കാരിക കേരളത്തിനു അപമാനം വരുത്തുന്ന കാര്യങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങള്‍ പൊരുതി നേടിയ നേട്ടങ്ങള്‍ സാംസ്‌കാരിക ഫാസിസത്തിന് മുന്നില്‍ അടിയറവു വയ്ക്കാനാവില്ലെന്നു യോഗം ഐകകണ്‌ഠ്യേന പറഞ്ഞു.

യൂജിന്‍ അയ്‌നെസ്‌കൊയുടെ കാണ്ടാമൃഗം എന്ന വിഖ്യാത ഫ്രഞ്ച് നാടകത്തെ അനുസ്മരിപ്പിക്കുന്ന ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ഇന്ന് കടന്നു പോകുന്നത് എന്ന് ഡോ മിര്‍സ പറഞ്ഞു. ജാതി മത വര്‍ഗീയ വിദ്വേഷങ്ങളുടെ പേക്കോലങ്ങള്‍ തുള്ളിയാടുന്ന, ഭീതിയുടെയും, വെറുപ്പിന്റെയും, കാണ്ടാമൃഗങ്ങള്‍ മുക്രയിട്ടലറുന്ന കാലം, നാം നോക്കി നില്‍ക്കെ നമുക്ക് ചുറ്റുമുള്ള മനുഷ്യര്‍ കാണ്ടാമൃഗങ്ങളായി പരിണമിക്കുന്നു. നമ്മുടെ പ്രിയ സുഹൃത്തുക്കള്‍, നവോഥാന പ്രസ്ഥാനത്തോടൊപ്പം പണ്ട് നടന്ന ചങ്ങാതികളടക്കം, ജാതിയുടെയും മതത്തിന്റെയും വെറി പൂണ്ട് മനുഷ്യാകാരം വെടിയുന്നത് ഭീതിദമായ കാഴ്ചയാണ്. എങ്കിലും കാണ്ടാമൃഗം എന്ന നാടകത്തിലെ നായകനില്‍ നമ്മള്‍ വിശ്വാസമര്‍പ്പിക്കേണ്ടിയിരിക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ബെറിഞ്ചര്‍, സുഹൃത്തുക്കളെല്ലാം എന്തിനു തന്റെ പ്രിയ സഖിയടക്കം കാണ്ടാമൃഗമായി പരിണമിക്കുന്നത് കണ്ടിട്ടും ബെറിഞ്ചര്‍ പറയുന്നു: ”നമുക്ക് ചെറുത്തു നിന്നെ പറ്റൂ. നമുക്ക് മനുഷ്യരായി തുടര്‍ന്നേ പറ്റൂ.” സാംസ്‌കാരിക ഫാഷിസത്തിന്റെയും, അക്രമത്തിന്റെയും, അഴുക്കു നിലങ്ങളിലേക്ക് സാധാരണ മനുഷ്യരടക്കം ഊളിയിടുന്ന ഇക്കാലത്ത് സുനില്‍ പി ഇളയിടവും, ശ്രീചിത്രനും ഒക്കെ ഉയര്‍ത്തുന്ന പ്രതിരോധങ്ങളെ പിന്തുണയ്‌ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒപ്പം നമുക്ക് പിന്നാലെ വരുന്ന തലമുറകളോടുള്ള നമ്മുടെ പരമമായ കടമയും.

ഇന്നത്തെ ഈ ഇരുട്ടിനെ മറികടക്കേണ്ടത് ശ്രീനാരായണ ഗുരുവും, അംബേദ്കറും, ജവഹര്‍ലാല്‍ നെഹ്രുവും കാട്ടിയ വെളിച്ചത്തിലൂടെ ആണ്. അവരെയാണ് നമ്മള്‍ ആഘോഷിക്കേണ്ടത്. നമ്മള്‍ തിരിച്ചു പോണം എന്നാണീ ഇരുട്ടിന്റെ ശക്തികള്‍ പറയുന്നത്. ഇല്ല ഇരുട്ടിലേക്ക് പോകാന്‍ നമുക്ക് മനസ്സില്ല എന്ന് ജോസ് ആന്റണി പറഞ്ഞു.

വിദ്യാസമ്പന്നനാണ് മലയാളി എന്ന് അഭിമാനിച്ചിരുന്ന നമ്മള്‍ ഇന്ന് ലോകത്തിനുമുമ്പില്‍ ലജ്ജിക്കേണ്ടിവരുന്ന അവസ്ഥയിലാണ് എന്ന് ഡോ സന്തോഷ് പിള്ള പറഞ്ഞു. സ്ത്രീയും പുരുഷനും നിയമത്തിന്റെ മുന്നില്‍ തുല്യരാണ് എന്നുപറഞ്ഞ സുപ്രീംകോടതി വിധിക്കെതിരെ സംസ്‌കാരശൂന്യമായി, അക്രമവും ഭീഷണിയും ഉപയോഗിച്ചുകൊണ്ട്, കേരളസമൂഹത്തെ നൂറ്റാണ്ടുകളോളം പിന്നിലേക്കു തള്ളിവിടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുക തന്നെ ചെയ്യും. കാലചക്രം മുന്നോട്ടു മാത്രമേ ഉരുളാറുള്ളൂ. ആചാരങ്ങള്‍ കാലാനുസൃതമായി എന്നും മാറിയിട്ടുണ്ട്, ഇനിയും അവ മാറും എന്ന് ഉറപ്പാണ്.

ഇന്ന് നുണ പ്രചാരണത്തിന്റെ കാലമാണ്- സത്യാനന്തര കാലം. തുടര്‍ച്ചയായി നുണ പറഞ്ഞു അസത്യം സത്യമാക്കി മാറ്റുന്നു. മാധ്യമങ്ങളും ഇവിടെ മാറണം, റേറ്റിങ്ങിന്റെ പിന്നാലെ മാത്രം പോകാതെ മാധ്യമങ്ങള്‍ സമൂഹത്തോടുള്ള കടമ കൂടി നിര്‍വഹിക്കണം ഏന്നു ഇന്ദുലാല്‍ അഭിപ്രായപ്പെട്ടു. കേരളം എന്തായിരുന്നോ അത് അപനിര്‍മ്മാണത്തിനു വിധേയമാവുകയാണ്. പുരോഗമന നേട്ടങ്ങളെ പടിപടിയായി അട്ടിമറിക്കുകയാണ്. ഈ നേട്ടങ്ങളെ തിരിച്ചു പിടിച്ചു മുന്നോട്ടു പോകേണ്ട കാലമാണിതെന്ന് മണമ്പൂര്‍ സുരേഷ് പറഞ്ഞു. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് അല്ലാതെ അക്രമത്തിലൂടെ അല്ല, ഇത് എല്ലാപേരും ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് പ്രിയവ്രതന്‍ അഭിപ്രായപ്പെട്ടു.

ഉന്മൂല നാശം വരുത്തുക എന്ന അജണ്ട ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എഴുത്തുകാരുടെ കൊലപാതകങ്ങളിലൂടെ ഇപ്പോള്‍ നമ്മുടെ വീട്ടിനകത്ത് എത്ത്തിനില്‍ക്കയാണ്. ഇതിന്റെ മാരകമായ അപകടം നമ്മള്‍ കാണാതെ പോകരുതെന്നു ജ്യോതി പാലച്ചിറ പറഞ്ഞു. മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പ്രൊഫ ഗോപാലകൃഷ്ണന്‍, പവിത്രന്‍, കൌണ്‍സിലര്‍ ബൈജു തിട്ടാല, മുന്‍കൌണ്‍സിലര്‍ രാജേന്ദ്രന്‍, അജയ കുമാര്‍, രാജേന്ദ്രന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചു.

മിനി രാഘവന്‍ തന്റെ സന്ദേശം ഫോണിലൂടെ വായിച്ചു. അസത്യത്തിന്റെ ആസുര കാലങ്ങളില്‍ ചിന്തയും ചോദ്യങ്ങളും സത്യാന്വേഷണത്തിന്റെ ദുര്‍ഘടപാതകളാണ്. സത്യത്തിന്റെ ചരിത്രാന്വേഷകന്‍ സുനില്‍ പി ഇളയിടത്തോടൊപ്പം. ചോര മണക്കുന്ന ഇരുള്‍ക്കൂടുകളില്‍, വെളിച്ചത്തിന്റെ സൂര്യകിരണങ്ങള്‍ക്കായി, അപരന്റെ ശബ്ദം സംഗീതമായി കേള്‍ക്കുന്നൊരു പുലര്‍വേളയിലേക്കായി കണ്ണും കാതും തുറന്നു നാം കാത്തിരിക്കുക.

പുരോഗമന നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, ആ ആശയങ്ങളുടെ പ്രാധാന്യം മുന്നോട്ടു വയ്ക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം എന്ന് യോഗം തീരുമാനിച്ചു. ‘സംസ്‌കാര’ എന്ന പേരില്‍ ഈ ഗ്രൂപ്പ് ഇനി തുടര്‍ന്ന് പ്രവര്‍ത്തിക്കും. മുരളി മുകുന്ദന്‍, ഷീജ, ജയശ്രീ തുടങ്ങിയവര്‍ അവരുടെ ഉത്കണ്ഠകളും, ആശയങ്ങളും പങ്കുവച്ചതിനോടൊപ്പം ഇത്തരം കൂടിച്ചേരലിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.