ഗോവ ബീച്ചിലെ ബ്രിട്ടിഷ് പെൺകുട്ടിയുടെ മൃതദേഹം; പ്രതിയെ കുടുക്കിയത് അനാവശ്യമെന്നു കരുതി ആദ്യം ഉപേക്ഷിച്ച ഓറഞ്ച് സ്ലിപ്പർ ചെരുപ്പുകളിൽ നിന്നും…..

ഗോവ ബീച്ചിലെ ബ്രിട്ടിഷ് പെൺകുട്ടിയുടെ മൃതദേഹം; പ്രതിയെ കുടുക്കിയത് അനാവശ്യമെന്നു കരുതി ആദ്യം ഉപേക്ഷിച്ച ഓറഞ്ച് സ്ലിപ്പർ ചെരുപ്പുകളിൽ നിന്നും…..
July 24 05:16 2019 Print This Article

2008 ഫെബ്രുവരി 19 രാവിലെ ആറരയ്ക്കാണ് പതിനഞ്ചു വയസ്സുകാരി ബ്രിട്ടിഷ് പെൺകുട്ടി സ്കാർലറ്റ് ഈഡൻ കീലിങ്ങിന്റെ അർധനഗ്നമായ മൃതദേഹം ഗോവയിലെ അൻജുന ബീച്ചിൽ പരുക്കുകളോടെ കാണപ്പെട്ടത്. മുങ്ങിമരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ കണ്ടെത്തൽ. വൈദ്യപരിശോധനയിൽ സ്കാർലറ്റിന്റെ ശരീരത്തിൽ ലഹരിമരുന്നിന്റെ അമിതമായ സാന്നിധ്യവും കണ്ടെത്തി.

എന്നാൽ ഗോവയിൽ ഷാക്ക് നിർമാതാവായ സാംസൺ ഡിസൂസ, പ്ലാസിഡോ കാർവലോ എന്നിവരോടൊപ്പം സമയം ചെലവഴിച്ച് രണ്ടു മണിക്കൂറുകൾക്കു ശേഷമാണ് സ്കാർലറ്റിന്റെ മൃതദേഹം കണ്ടെത്തിയതെന്ന വിവരം സംഭവം കൊലപാതകമാണെന്ന സൂചന നൽകി. സ്‌കാർലറ്റിന്റെ മൃതദേഹത്തിൽ കണ്ട മുറിപ്പാടുകൾ സംശയത്തിനു ബലം നൽകി. പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. സ്കാർലറ്റിനെ പീഡിപ്പിച്ചതായി ഇരുവരും സമ്മതിച്ചെങ്കിലും മരണത്തിൽ പങ്കില്ലെന്നു മൊഴി നൽകി.

ഇതിനിടെ, സ്കാർലറ്റ് മുങ്ങിമരിച്ചതാണെന്നു കാണിച്ചു പൊലീസ് കേസ് അവസാനിപ്പിക്കാൻ നോക്കുകയാണെന്ന് ആരോപിച്ച് അമ്മ ഫയോന മാക്കിയോവെൻ രംഗത്തവന്നു. തുടർന്നു കേസ് സിബിഐ ഏറ്റെടുത്തു. കൊലപാതകം, പീഡനം, ലഹരിമരുന്നു നൽകുക തുടങ്ങിയ കുറ്റങ്ങളാണ് ഇരുപ്രതികൾക്കെതിരെയും ചുമത്തിയത്. എന്നാൽ 2016 സെപ്റ്റംബറിൽ വിചാരണ കോടതി സാംസൺ ഡിസൂസയെയും പ്ലാസിഡോ കാർവലോയെയും കുറ്റവിമുക്തരാക്കി.

പ്രതികൾ കുറ്റംചെയ്തുവെന്നു തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു കാണിച്ചാണ് കോടതി ഇരുവരെയും വെറുവിട്ടത്. എന്നാൽ ഫയോന മാക്കിയോവെൻ എന്ന ബ്രിട്ടിഷ് വനിതയുടെ പോരാട്ടവീര്യം അവിടെ അവസാനിച്ചിരുന്നില്ല. സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയവർക്കെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വീണ്ടും കുറ്റപത്രം സമർപ്പിക്കാനും വിചാരണം നടത്താനും കോടതി ഉത്തരവിട്ടു. അവസാനം, ഈ മാസം 20ന് ഗോവയിലെ ബോംബെ ഹൈക്കോടതി സാംസൺ ഡിസൂസയെ 10 വർഷം തടവിനു വിധിച്ചു. പ്ലാസിഡോ കാർവലോയെ കുറ്റവിമുക്തനാക്കിയ നടപടി ശരിവയ്ക്കുകയും ചെയ്തു.

മൃതദേഹത്തിനു സമീപം കണ്ടെത്തിയ സ്ലിപ്പർ ചെരുപ്പുകൾ. അനാവശ്യമെന്നു കരുതി പൊലീസ് ഉദ്യോഗസ്ഥർ ഉപേക്ഷിച്ച ഓറഞ്ച് നിറത്തിലുള്ള ആ സ്ലിപ്പറുകൾ പിന്നീട് കൊലപാതക കേസിൽ നിർണായക തെളിവായി. പ്രതിക്കു 10 വർഷം ത‍ടവും രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിക്കുകയും ചെയ്തു. ഗോവയിലെ സ്കാർലറ്റ് കീലിങ് വധക്കേസിലാണ് സ്ലിപ്പർ ചെരുപ്പുകൾ നിർണായക തെളിവാകുകയും പ്രതിക്കു ശിക്ഷ ലഭിക്കുകയും ചെയ്തത്

അൻജുന ബീച്ചിൽ സ്കാർലറ്റിന്റെ മൃതദേഹം കണ്ടെത്തിയതിനു മൂന്നു മീറ്ററുകൾക്ക് അപ്പുറത്തു നിന്നാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയ പൊലീസ് കോൺസ്റ്റബിൾ ഗുരുനാഥ് നായിക് ഓറഞ്ച് നിറത്തിലുള്ള സ്ലിപ്പർ ചെരുപ്പിന്റെ ജോടി കണ്ടെത്തിയത്. ഈ കാര്യം സാക്ഷിമൊഴിയിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ കേസിൽ ആവശ്യം വരില്ലെന്ന ധാരണയിൽ ഗുരുനാഥ് സ്ലിപ്പറുകള്‍ സംഭവസ്ഥലത്തു തന്നെ ഉപേക്ഷിച്ചു.

മൃതദേഹം പോസ്റ്റമോർട്ടത്തിനു കൊണ്ടുപോയതിനു ശേഷവും കടൽത്തീരത്തെ മണ്ണിൽ അതു താഴ്ന്നുകിടന്നു. നാലുപേരുടെ സാക്ഷിമൊഴിയിലാണ് മൃതദേഹത്തിനു സമീപം സ്ലിപ്പർ കണ്ടകാര്യം രേഖപ്പെടുത്തിയത്. എന്നിട്ടും പൊലീസ് അതു മുഖവിലയ്ക്ക് എടുത്തില്ല. എന്നാൽ അന്നു വൈകിട്ടു ഷാക്കിൽ തിരിച്ചെത്തിയ സാംസൺ ഡിസൂസ സ്ലിപ്പറിനെ കുറിച്ച് അന്വേഷിച്ചതാണ് കേസിൽ നിർണായകമായത്. സ്കാർലറ്റ് കീലിങ്ങിന്റെ മരണത്തിൽ സാംസണു പങ്കുണ്ടാകാമെന്ന ആദ്യ സൂചന അവിടെ നിന്നാണ് ലഭിക്കുന്നത്. സാംസൺ ഷാക്ക് ഉടമയോടും അവിടുത്തെ വെയ്റ്ററോടും തന്റെ സ്ലിപ്പർ കാണാതായ വിവരം പറഞ്ഞു.

സ്കാർലറ്റിന്റെ മൃതദേഹത്തിനു സമീപം സ്ലിപ്പർ ചെരുപ്പുകൾ കണ്ടെന്നു പൊലീസിനു മൊഴി നൽകിയവരിൽ ഒരാളായിരുന്നു ഷാക്കിലെ വെയ്റ്ററായ ചന്ദ്രു ചവാൻ. ഈ കാര്യമറിഞ്ഞ സാംസൺ സ്ലിപ്പർ എടുത്തുകൊണ്ടുവരാൻ ചന്ദ്രുവിനെ നിർബന്ധിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും അവധി നൽകാമെന്ന വാഗ്ദാനത്തിൽ ചന്ദ്രു സമ്മതിച്ചു. ഒരു പ്ലാസ്റ്റിക് കവറിനുള്ളിലാക്കി സ്ലിപ്പറുകൾ ചന്ദ്രു സാംസണു കൈമാറി. പിന്നീട് ഇതുവരെ ആ സ്ലിപ്പറുകൾ കണ്ടെത്താൻ പൊലീസിനോ സിബിഐക്കോ സാധിച്ചില്ല.

സ്കാർലറ്റിന്റെ മരണത്തിൽ സാംസണു പങ്കുണ്ടെന്നതിനു വ്യക്തമായ തെളിവാണ് അയാൾ സ്ലിപ്പറുകൾ അന്വേഷണ ഉദ്യോഗസ്ഥരെ ഏൽപ്പിക്കാതിരുന്നതെന്നു വിചാരണയ്ക്കിടെ ബോംബെ ഹൈക്കോടതി ജഡ്ജിമാരായ ആർ.ഡി.ധനുക്കയും പൃഥിരാജ് ചവാനും നിരീക്ഷിച്ചു. സ്വയം പോകുന്നതിനു പകരം സ്ലിപ്പർ കൊണ്ടുവരാൻ ഷാക്കിലെ വെയ്റ്ററിനോട് ആവശ്യപ്പെട്ടതും സാംസണെ സംശയനിഴലിൽ നിർത്തുന്നു. സ്കാർലറ്റിന്റെ മരണം സ്വാഭാവികമെല്ലെന്നു പ്രതിക്കു വ്യക്തമായ ബോധ്യമുണ്ടായിരുന്നു. തെളിവു നശിപ്പിക്കുകയെന്ന ഉദേശ്യത്തോടെയായിരുന്നു സാംസൺന്റെ നീക്കമെന്നും കോടതി പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles