ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : തകരാറിന്റെ കാര്യം കണക്കിലെടുക്കും എന്നും ഉടൻ പരിഹരിക്കുമെന്നും സാംസങ് അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ ഉള്ള സോഫ്റ്റ്‌വെയർ ഉടൻതന്നെ കൊണ്ടുവരുമെന്ന് കമ്പനി പറഞ്ഞു. വിലകുറഞ്ഞ ഒരു ഫോൺ കവറിനുള്ളിൽ ഫോൺ ഇട്ടശേഷം ഭർത്താവിന്റെ വിരലടയാളം ഉപയോഗിച്ചും ഫോൺ തുറക്കാൻ ആകുമെന്ന് കണ്ടെത്തിയത് ബ്രിട്ടീഷ് വനിതയായ ലിസാ നീൽസൺ ആണ്. കഴിഞ്ഞ മാർച്ചിൽ എസ് 10 പുറത്തിറക്കിയപ്പോൾ അതിന്റെ ഫിംഗർ പ്രിന്റ് ഓതെന്റിഫിക്കേഷൻ സിസ്റ്റത്തെ വിപ്ലവാത്മകം എന്നാണ് വിശേഷിപ്പിച്ചത്.

ഉപയോക്താക്കളുടെ 3ഡി വിരലടയാളം തിരിച്ചറിയാൻ അൾട്രാ സൗണ്ട് സിസ്റ്റം ആണ് എസ്10 ഉപയോഗിക്കുന്നത്. അതാണ് ഇപ്പോൾ തകരാറിലായതായി കണ്ടെത്തിയത്. സൗത്ത് കൊറിയയുടെ ഓൺലൈൻ ഒൺലി കാക്കോ ബാങ്ക് ഉപയോക്താക്കളോട് പ്രശ്നം പരിഹരിക്കും വരെ ഫിംഗർ പ്രിന്റ് ഉപയോഗിക്കേണ്ട എന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിനുമുൻപും ചില സ്ക്രീൻ പ്രൊട്ടക്ടറുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ എയർ ഗ്യാപ്പ് മൂലം സ്കാനിങ്ങിന് തടസ്സം ഉണ്ടായിട്ടുണ്ട്.

വലതു വിരലിന് പകരം ഇടതു വിരൽ ഉപയോഗിച്ച് ഫോൺ തുറന്നതാണ് ആദ്യം പ്രശ്നം ശ്രദ്ധയിൽ പെടാൻ കാരണം. അതിനുശേഷം ഭർത്താവിനെക്കൊണ്ട് തുറപ്പിച്ചു. മറ്റൊരു ബന്ധുവിനും സമാനമായ അനുഭവം ഉണ്ടായതോടെ കമ്പനിയെ അറിയിക്കുകയായിരുന്നു.