മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന നടിയാണ് സംഗീത ക്രിഷ്. സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഉത്തമന്‍, എഴുപുന്ന തരകന്‍, ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് സംഗീത മലയാളികള്‍ക്ക് സുപരിചിതയായത്. അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ നടിക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങള്‍ ഒരിടക്ക് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിത വീണ്ടും അമ്മയെ കുറിച്ചുള്ള ഒരു കുറിപ്പുമായി സംഗീത വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കും ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദിയുണ്ടെന്നാണ് സംഗീത ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതല്‍ ജോലിക്ക് പറഞ്ഞു വിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകള്‍ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടില്‍ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭര്‍ത്താവിനെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിര്‍ത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.’ സംഗീത കുറിച്ചു.

മകള്‍ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് സംഗീതയുടെ അമ്മ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സംഗീതയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം മോശമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് തന്റെ ഭാഗം വ്യക്തമാക്കി നടി രംഗത്തെത്തിയിരിക്കുന്നത്.