ജോജി തോമസ്

”എന്നെ ആക്രമിക്കാം, എന്റെ ജനത്തെ ഒഴിവാക്കണം, മാനഭംഗം, മാനഭംഗം തന്നെയാണ് ഈ സര്‍ക്കാരിന്റെ കാലത്തെയും മുന്‍ സര്‍ക്കാരിന്റെ ഭാഗത്തെയും പീഡനങ്ങളുടെ എണ്ണം താരതമ്യം ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല” കോമണ്‍ വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ സന്ദര്‍ഭത്തില്‍ വെസ്റ്റ് മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ”ഭാരത് കി ബാത്, സബ് കെ സാത്’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണ് ഇത്. പതിവുപോലെ മോദിയുടെ പ്രസംഗത്തിലുടനീളം അദ്ദേഹത്തിന്റെ വാഗ് വിലാസവും പ്രസംഗ കലയിലുള്ള പ്രാവീണ്യവും തെളിഞ്ഞുനിന്നു. പക്ഷെ വരികള്‍ക്കിടയിലൂടെ വായിക്കുകയാണെങ്കില്‍ ലണ്ടനിലെ സംവാദത്തില്‍ മോദി ചെയ്തത് വാക്കുകള്‍കൊണ്ട് അമ്മാനമാടുന്നതിലുപരിയായി താനും തന്റെ പാര്‍ട്ടിയും തുടങ്ങിവച്ച അസഹിഷ്ണുതാ രാഷ്ട്രീയത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് ലോകത്തിനുമുമ്പില്‍ തലകുനിക്കേണ്ടി വന്ന രാഷ്ട്രീയ സാഹചര്യത്തെപ്പോലും ഒരു ദേശീയ വികാരമായി ഉയര്‍ത്തിക്കൊണ്ടുവന്ന് തനിക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ്.

കത്തുവ പീഡനക്കേസില്‍ നിഷ്‌കളങ്കയായ എട്ട് വയസുകാരി നേരിട്ട ക്രൂരതകളുടെ പേരില്‍ ലോകമാധ്യമങ്ങളില്‍ ഇന്ത്യ നിറഞ്ഞുനില്‍ക്കുകയും, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുടറസിനെ പോലുള്ളവര്‍ സംഭവത്തെ അപലപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ആണ് നരേന്ദ്രമോദിയുടെ ലണ്ടന്‍ സന്ദര്‍ശനം. എന്നെ വിമര്‍ശിച്ചോളൂ, എന്റെ ജനതയെ ഒഴിവാക്കൂ എന്ന് പറഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ വരുന്നത് ഇന്ത്യന്‍ ജനതക്കെതിരെയല്ല മറിച്ച് തനിക്കും താന്‍ പാകിയ അസഹിഷ്ണുതയുടെ സന്ദേശവുമായി സമൂഹത്തിലിറങ്ങി പിഞ്ചുബാലികയെപ്പോലും വെറുതെവിടാത്ത വര്‍ഗ്ഗീയ ഭ്രാന്ത് തലക്കുപിടിച്ച തന്റെ അനുയായികള്‍ക്കും എതിരെയാണെന്നുള്ള വസ്തുത അദ്ദേഹം സൗകര്യപൂര്‍വ്വം വിസ്മരിച്ചു. തന്റെ സര്‍ക്കാരിന്റെയും മുന്‍ സര്‍ക്കാരിന്റെയും കാലഘട്ടത്തില്‍ നടന്ന മാനഭംഗങ്ങളുടെ കണക്കെടുക്കുന്നില്ലെന്നു പറഞ്ഞ നരേന്ദ്രമോദി കത്തുവ സംഭവത്തെ താനും തന്റെ പക്ഷവും ഉയര്‍ത്തുന്ന തീവ്ര വര്‍ഗീയതയുടെ പ്രതിഫലനമായി കാണാതെ ഒരു കൂട്ടം ക്രിമിനലുകളുടെ പ്രവൃത്തിയായി മാത്രം നിസാരവല്‍ക്കരിച്ചതിലൂടെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് ഉണ്ടായത്.

അസഹിഷ്ണുതയും അടിച്ചമര്‍ത്തലും ഇല്ലാതാക്കാനുള്ള വെമ്പലും, ജാതിയുടെയും മതത്തിന്റെയും പേരില്‍ മാത്രമല്ല എതിര്‍പ്പുകളോടും വിമര്‍ശനങ്ങളോടും ഇതേ മനോഭാവമാണ് കാണുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രമായിരുന്ന ഗോരഖ്പൂരിലെ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ മുപ്പതിലേറെ പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഓക്സിജന്‍ സിലിന്‍ഡറിനായി ഓടി നടന്ന ഡോ.കഫീല്‍ ഖാന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികാരബുദ്ധിയില്‍ കുടുങ്ങി ജാമ്യം പോലും ലഭിക്കാതെ 8 മാസത്തോളം ജയിലഴിക്കുള്ളില്‍ കഴിയേണ്ടി വന്നത് സ്വതന്ത്ര ഇന്ത്യയില്‍ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തരാഖണ്ഡിലെ ചീഫ് ജസ്റ്റിസ് ആയ കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ നിര്‍ദേശം തള്ളിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി മറ്റൊരു ഉദാഹരണമാണ്. എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഏതു ഭാഗത്തു നിന്നായാലും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം ബിജെപി ഗവണ്‍മെന്റ് ഈ നടപടികളിലൂടെ നല്‍കുന്നുണ്ട്. കൊളീജിയത്തിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി ഇതിനു മുമ്പ് നിയമനം നടന്നത് വാജ്പേയി ഗവണ്‍മെന്റിന്റെ കാലത്ത് മാത്രമാണ്. അന്ന് കൊളീജിയം നിര്‍ദേശിച്ചയാള്‍ സ്വയം പിന്‍വാങ്ങിയതിനാല്‍ ഗവണ്‍മെന്റും ജുഡീഷ്യറിയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായില്ല.

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരില്‍ ഏറ്റവും സീനിയര്‍ ആയിരുന്നിട്ടും ജസ്റ്റിസ് കെ.എം ജോസഫിനെതിരെ നീങ്ങാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത് അദ്ദേഹം നടത്തിയ ചില വിധിന്യായങ്ങളാണ്. 2016ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. രാഷ്ട്രപതിക്കും തെറ്റ് സംഭവിക്കാമെന്ന ചരിത്രപ്രസിദ്ധമായ നിരീക്ഷണവും ഇതോടൊപ്പം ഉണ്ടായി. പ്രസ്തുത വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസ് കെ.എം.ജോസഫിന്റെ വിധി സുപ്രീം കോടതി ശരിവെക്കുകയാണുണ്ടായത്. ചെന്നൈ ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റം അനുവദിക്കാതെയും മറ്റും അന്നുമുതല്‍ തുടങ്ങിയതാണ് മോഡി ഗവണ്‍മെന്റ് ജസ്റ്റിസ് കെ.എം ജോസഫിനോടുള്ള പ്രതികാര നടപടികള്‍. കെ.എം ജോസഫിനൊപ്പം സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് കൊളീജിയം നിര്‍ദേശിച്ചിരുന്ന ഇന്ദു മന്‍ഹോത്രയുടെ നിയമനവും അഞ്ചുമാസത്തോളം തടഞ്ഞുവെച്ചതിന് ശേഷമാണ് കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചത്. ഈ നടപടിയിലൂടെ ജുഡിഷ്യറിക്ക് വ്യക്തമായ മുന്നറിയിപ്പും താക്കീതും നല്‍കാമെന്ന് മോഡി ഗവണ്‍മെന്റ് കരുതുന്നു.

ശക്തവും നിഷ്പക്ഷവുമെന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ ജുഡിഷ്യറി സംവിധാനത്തെ തകര്‍ക്കുകയും പിടിയിലൊതുക്കുകയും ചെയ്യുകയെന്നത് മോഡി ഗവണ്‍മെന്റിന്റെ അജണ്ടകളിലൊന്നാണ്. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും ഇത് പ്രധാനമാണെന്ന് മോഡിക്ക് അറിയാം. സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പലനിലപാടുകളും തീരുമാനങ്ങളും സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് കുടപിടിക്കുന്നതാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആരോപണ വിധേയനായ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് സിഎച്ച്. ലോയയുടെ ദുരൂഹമരണത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയ ഹര്‍ജികളോടുള്ള അദ്ദേഹത്തിന്റെ സമീപനം ഇതിന് ഉദാഹരണമാണ്. പുനരന്വേഷണം തള്ളുക മാത്രമല്ല ഈ ആവശ്യം ഉന്നയിച്ച് ഇനിയൊരു കോടതിയെയും സമീപിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവ്. ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന് ജഡ്ജിമാര്‍ പരസ്യമായി പ്രതികരിച്ചത് വന്‍ വിവാദമായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകളാണ് പലപ്പോഴും മോഡി അമിത് ഷാ കൂട്ടുകെട്ടിന് ഊര്‍ജം പകരുന്നത്. ദീപക് മിശ്ര ശക്തമായ നിലപാടുകളെടുത്തിരുന്നെങ്കില്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കൊളീജിയത്തിന്റെ നിര്‍ദേശം തള്ളിയത് പോലുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുതിരില്ലായിരുന്നു. ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായ പ്രതികളെ മുഴുവന്‍ വെറുതെ വിട്ട വിധിന്യായം പുറപ്പെടുവിച്ച എന്‍ഐഎ കോടതി ജഡ്ജി രവിന്ദര്‍ റെഡ്ഡി വിധിന്യായം പുറപ്പെടുവിച്ച് അതേ ദിവസം തന്നെ രാജിവെച്ചത് ദുരൂഹതയുണര്‍ത്തുന്നുണ്ട്.

ഗൗരി ലങ്കേഷിനെപ്പോലുള്ള മതേതരവാദികള്‍ കൊല്ലപ്പെടുമ്പോഴും കത്തുവ പീഡനംപോലുള്ള ക്രൂരതകള്‍ നടക്കുമ്പോഴും സംഘ്പരിവാര്‍ അനുകൂല സംഘടനകളോ അനുയായികളോ കുറ്റാരോപിതരുടെ കൂട്ടത്തിലുണ്ട്. ജമ്മു കാശ്മീരിലെ രണ്ട് ബിജെപി മന്ത്രിമാര്‍ കത്തുവ പീഡനത്തിലെ കുറ്റാരോപിതരുടെ മോചനത്തിന് വേണ്ടി നടത്തിയ റാലിയെ നയിച്ചത് ഭാരതം ഫാസിസത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥാന്തരത്തിലൂടെയാണ് കടന്നുപോകുന്നതെന്നതിന്റെ തെളിവാണ്. ആള്‍ക്കൂട്ടത്തിന്റെ നീതി നടപ്പാക്കലും ദളിതരും പിന്നോക്ക വിഭാഗത്തെയും പരസ്യമായി പീഡിപ്പിക്കുന്നതുമെല്ലാം ഇന്ന് പതിവു വാര്‍ത്തകളാണ്. കത്തുവ പോലുള്ള വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സംഭവങ്ങള്‍ കൂടുതല്‍ ആവര്‍ത്തിക്കപ്പെടാനാണ് സാധ്യത. കാരണം 2019 ലെ പൊതുതെരെഞ്ഞെടുപ്പില്‍ വര്‍ഗീയ ചേരിതിരിവുകളെ അതിന്റെ പാരമ്യത്തിലെത്തിച്ച് മുതലെടുപ്പ് നടത്താനാവും മോഡി-അമിത് ഷാ കൂട്ട്‌കെട്ട് ശ്രമിക്കുക. ഇതിനിടയില്‍ പ്രതീക്ഷയുടെ തിരിനാളമാകാന്‍ ജുഡിഷ്യറിക്കെങ്കിലും കഴിയുമോ എന്നാണ് ഇനിയും അറിയാനുള്ളത്.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.