ബംഗ്ലാദേശിനെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയിലും ഇന്ത്യ എക്കായും നടത്തിയ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെത്തി. 2015 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്.

സഞ്ജുവിനെ എന്തുകൊണ്ട് ഇതുവരെ ദേശീയ ടീമില്‍ കളിപ്പിക്കുന്നില്ലെന്ന് മുന്‍ താരങ്ങളായ ഗംഭീറും ഹര്‍ഭജനുമെല്ലാം ചോദിച്ചിരുന്നു. ആരാധകരും സഞ്ജുവിനായി മുറവിളി കൂട്ടിയിരുന്നു. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണ്. വിരാട് കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയായിരിക്കും ഇന്ത്യയെ നയിക്കുക. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു.ടെസ്റ്റിലും ടി20യിലും ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവരും ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തില്‍ ടീമിലെത്തുമെന്ന് കരുതിയ ശിവം ദുബെ ടി20 ടീമിലില്ല.

അടുത്തമാസം മൂന്നിനാണ് ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനുശേഷം രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും. ടി20 പരമ്പരക്കുള്ള ടീമിനൊപ്പം ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ടി20 ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശാര്‍ദുല്‍ ഠാക്കൂര്‍.

ടെസ്റ്റ് ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, സാഹ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ്മ, ശുബ്മാന്‍ ഗില്‍, ഋഷഭ് പന്ത്.