ഇന്ത്യന്‍ ടീമില്‍ സ്ഥിര സാനിധ്യമല്ലെങ്കിലും മലയാളി താരം സഞ്ജു വി. സാംസണ്‍ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്ത ബാറ്റ്സ്മാനാണ്. ഐപിഎലില്‍ സഹതാരങ്ങളുമായി നല്ല ബന്ധവും താരത്തിനുണ്ട്. ഇപ്പോള്‍ ഓസീസ് താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തുമായുള്ള രസകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് സഞ്ജു.

സ്മിത്തിനെ ‘ചാച്ചു’ എന്നാണ് താന്‍ വിളിക്കുന്നതെന്നും സ്മിത്ത് തിരിച്ച് വിളിക്കുന്നതും അതുതന്നെയാണെന്നും താരം വ്യക്തമാക്കി. എന്നാല്‍ ഈ പേര് വന്ന സംഭവവും സഞ്ജു വ്യക്തമാക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ കണ്‍സല്‍റ്റന്റ് ഇഷ് സോധിയുമൊത്തുള്ള ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സഞ്ജു. ”ബ്രാഡ് ഹോഡ്ജാണ് ഇത് തുടങ്ങിയത്. അദ്ദേഹമാണ് സ്മിത്തിനെ ചാച്ചു എന്ന് വിളിച്ചുതുടങ്ങിയത്. ഹോഡ്ജി പോയതിനു ശേഷം പിന്നെ ഞാന്‍ അദ്ദേഹത്തെ അങ്ങനെ വിളിച്ചു തുടങ്ങി. തിരിച്ച് സ്മിത്തും എന്നെ ചാച്ചു എന്നാണ് വിളിക്കുന്നത്. ആ പേര് പരസ്പരം വിളിക്കുന്നത് ഞങ്ങള്‍ ശരിക്കും ആസ്വദിക്കാറുണ്ട്”- സഞ്ജു പറയുന്നു. സ്മിത്തുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹത്തിനു കീഴില്‍ കളിക്കുന്നത് താന്‍ ആസ്വദിച്ചിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ മാതൃകയാക്കിയാണ് താനും പരാജയങ്ങളെ അംഗീകരിക്കാന്‍ പഠിച്ചതെന്ന് സഞ്ജു പറയുന്നു. കഴിവ് മനസ്സിലാക്കാനും അതില്‍ കൂടുതല്‍ കേന്ദ്രീകരിക്കാനും പഠിച്ചെന്നും ടീമിനുവേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും സഞ്ജു പറഞ്ഞു.