ലണ്ടന്‍: യുകെയിലെ ജനപ്രിയ കറന്റ് അക്കൗണ്ടുകളില്‍ ഒന്നായ സാന്റാന്‍ഡര്‍ 123യുടെ ഉപഭോക്താക്കള്‍ക്ക് പലിശ നിരക്ക് വര്‍ദ്ധനയുടെ ആനുകൂല്യം ലഭിക്കില്ല. 123 അക്കൗണ്ടുകളുടെ പലിശ 1.5 ശതമാനത്തില്‍ത്തന്നെ തുടരുമെന്ന് സ്റ്റാന്റാന്‍ഡര്‍ അറിയിച്ചു. ബാങ്കിന്റെ സേവിംഗ് പദ്ധതികളുടെ റിവ്യൂവിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ദശലക്ഷക്കണക്കിന് അക്കൗണ്ട് ഉടമകള്‍ക്കാണ് ഇതിലൂടെ കഴിഞ്ഞയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ച പലിശ നിരക്ക് വര്‍ദ്ധനയുടെ ആനുകൂല്യം ലഭിക്കാതെ പോകുന്നത്.

സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ ഉയര്‍ത്തിയതിനു പിന്നാലെ ബാങ്ക് അടിസ്ഥാന നിരക്ക് 0.25 ശതമാനത്തില്‍ നിന്ന് 0.5 ശതമാനമായി വര്‍ദ്ധിപ്പിച്ചിരുന്നു. മോര്‍ട്ട്‌ഗേജ് നിരക്കുകളും 0.25 ശതമാനമായി ഉയര്‍ത്തുമെന്ന് ബാങ്ക് പ്രഖ്യാപിച്ചെങ്കിലും ഇത് ഉപഭോക്താക്കള്‍ക്ക് ബാധകമാക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. 22 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് പലിശനിരക്ക് വര്‍ദ്ധനയുടെ യാതൊരു ഫലവും ലഭിക്കാതെ പോകുമെന്ന ആശങ്കയാണ് ഇതോടെ ഉയരുന്നത്.

ചില ബാങ്കുകള്‍ പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകാത്തത് ഇടപാടുകാരെ നിരാശരാക്കുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. തങ്ങളുടെ അക്കൗണ്ടുകള്‍ സാങ്കേതികമായി അടിസ്ഥാന നിരക്കുമായി ബന്ധിതമാണോ എന്ന വസ്തുത കണക്കിലെടുത്തില്ലെങ്കിലും പലിശനിരക്കിലെ വര്‍ദ്ധനയുടെ ആനുകൂല്യം തങ്ങള്‍ക്ക് ലഭിക്കുമോ എന്നാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 123 അക്കൗണ്ടുകളുടെ പലിശ 3 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായി ബാങ്ക് കുറച്ചിരുന്നു.