മത നേതാവായ ഷോകോ അസഹാരയെയും ആറ് അനുയായികളെയും ജാപ്പനീസ് കോടതിയുടെ ഉത്തരവോടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തൂക്കിലേറ്റിയത്.

1995 മാര്‍ച്ച് 20നായിരുന്നു രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയ സംഭവം. ഷിന്റിക്യോ മതസ്ഥാപക നേതാവ് ഷോകോ അസഹാരയെയും അനുയായികളും ടോക്യോ ഭൂഗര്‍ഭ തീവണ്ടി പാതയിലായിരുന്നു വിഷവാതക അക്രമണം നടത്തിയത്. ആക്രമണത്തില്‍ 13 പേര്‍ മരിക്കുകയും ആയിരം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തുളകള്‍ വീണ ബാഗുകളില്‍ വിഷവാതകം നിറച്ച ശേഷമാണ് ഇവര്‍ ആക്രമണം നടത്തിയത്. ട്രെയിനില്‍ നല്ല തിരക്കുള്ള സമയം നോക്കി രാവിലെയായിരുന്നു ആക്രമണം. വിഷവാതകം പ്രവഹിച്ചതോടെ യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് 13 പേരു മരിക്കുകയും ആയിരം പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

2006ല്‍ ഷിന്റക്യോ നേതാക്കള്‍ക്കു വധശിക്ഷ വിധിച്ചെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത്. ജപ്പാനില്‍ വധശിക്ഷ പ്രോത്സാഹിപ്പിക്കാത്തതിനാല്‍ ശിക്ഷ നടപ്പിലാക്കുന്നത് പ്രതികളെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. തൂക്കിലേറ്റുന്നതിന് കുറച്ച് മണിക്കൂറുകള്‍ മുന്‍പ് മാത്രമാണ് വിവരം അറിയിച്ചത്.

1984 ലാണ് ഓം ഷിന്റക്യോ എന്ന മതത്തിനു രൂപം നല്‍കിയത്. ഹിന്ദു, ബുദ്ധ മതവിശ്വാസങ്ങള്‍ ഒരുമിപ്പിച്ച വിശ്വാസ രീതിയായാിരുന്നു ഇവരുടേത്. അക്രമണം നടക്കുന്ന സമയത്ത് പതിനായിരം അനുയായികള്‍ ജപ്പാനിലും മുപ്പതിനായിരത്തിലധികം പേര്‍ റഷ്യയിലുമുണ്ടായിരുന്നു.

ഷോകോ അസഹാര ചൈനീസ് മെഡിസിന്‍ റീടെയ്‌ലറായും യോഗ പരിശീലകനായും പ്രവര്‍ത്തനമനുഷ്ഠിച്ചിട്ടുണ്ട്. ഇയാള്‍ അന്ധമായി കുട്ടികളില്‍ വര്‍ഗീയ വിഷം കുത്തുവെച്ചിരുന്നു. കൗശലക്കാരനായ നേതാവ് എന്ന കുപ്രസിദ്ധി നേടിയ നേതാവായിരുന്നു ഷോകോ അസഹാര.