കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിതയുടെ വിസ്താരം മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരേയാണ് സരിത ഇന്ന് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ചാണ്ടി ഉമ്മനുമായി ചേര്‍ന്ന് കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് സരിത കമ്മീഷനില്‍ പറഞ്ഞു. ചാണ്ടി ഉമ്മനും സോളാര്‍ കേസിലെ മറ്റൊരു പ്രതിയായ സ്ത്രീയുമായി ബന്ധമുണ്ട്. ഇവര്‍ ദുബായില്‍ പോയിട്ടുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കയ്യിലുണ്ട്. എന്നാല്‍ സ്തീയുടെ പേര് താന്‍ പറയില്ലെന്നും സരിത വ്യക്തമാക്കി.
മന്ത്രിസഭാ പുനഃസംഘടനാ സമയത്ത് ഈ സിഡി ഉപയോഗിച്ച് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും സരിത പറഞ്ഞു. ചാണ്ടി ഉമ്മനെ കമ്പനി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി രണ്ടു തവണ കണ്ടിട്ടുണ്ട്. ഡല്‍ഹിയില്‍ കുരുവിളയുടെ ഫോണ്‍ ആണ് ചാണ്ടി ഉമ്മനും ഉപയോഗിച്ചത്. തോമസ് കുരുവിളക്ക് പണം കൈമാറിയത് ചാണ്ടി ഉമ്മനെ വിളിച്ചതിനു ശേഷമാണ്. വിശ്വാസത്തിനു വേണ്ടിയാണ് ചാണ്ടി ഉമ്മനെ വിളിച്ചത്.

അനെര്‍ട്ടില്‍ നിന്ന് 35 ലക്ഷത്തിന്റെ കുടിശ്ശിക കിട്ടുന്നതിന് മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നു പറഞ്ഞത് കള്ളമാണ്. നുണ പറഞ്ഞാല്‍ മതിയെങ്കില്‍ താനും പതിനാലു മണിക്കൂര്‍ കമ്മീഷനില്‍ നുണ പറയാം. സോളാര്‍ കമ്പനിക്ക് കരാര്‍ ഉറപ്പിക്കാന്‍ ആര്യാടന്‍ സഹായം നല്‍കിയിട്ടുണ്ട്. സുരാന കമ്പനി വഴി കുറഞ്ഞ ടെന്‍ഡര്‍ നേടിത്തരാനാണ് ആര്യാടന്‍ സഹായിച്ചതെന്നും സരിത പറഞ്ഞു.