നടിയെ ആക്രമിച്ച സംഭവത്തില്‍ പുതിയ കഥാപാത്രമായി ഫെനി ബാലകൃഷ്ണന്‍ കടന്നുവന്നപ്പോള്‍ മുതല്‍ ഒപ്പം വന്നതാണ് സോളാര്‍ കേസിലെ നായിക സരിതാ എസ്. നായരുടെ പേരും.  അപ്രതീക്ഷിത എന്‍ട്രിയായി ഒരു മാഡം വന്നതോടെ കഥയ്ക്ക് പുതിയ ട്വിസ്റ്റായി. പലര്‍ക്കും പുതിയ സംശയങ്ങളായി. എന്നാല്‍ ഈ സംശയങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പറയുകയാണ് സരിത.

ഒരു സംശയവും വേണ്ട, ഫെനി പറഞ്ഞ മാഡം താനല്ലെന്ന് സരിത പറഞ്ഞു. കേസുകളുടെ കാര്യത്തില്‍ നേരിയ ബന്ധം മാത്രമാണ് ഫെനിയുമായി അവശേഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇപ്പോഴുള്ളത് വേറെ വിഷയമാണ്. ഫെനി ഇക്കാര്യത്തില്‍ പ്രൊഫഷണലായ ഒരു നീക്കം നടത്തിയതാകുമെന്നാണ് വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയത്. ഇതില്‍ അഭിപ്രായം പറയാന്‍ തന്നെ തനിക്ക് റോളില്ല. ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ അഡ്വക്കേറ്റല്ല. രണ്ടര വര്‍ഷമായി ഒരു ബന്ധവുമില്ല. ഫെനി കൈകാര്യം ചെയ്തതില്‍, ഒത്തുതീര്‍പ്പായിക്കഴിഞ്ഞ ഒരു കേസ് മാത്രമേ ബാക്കിയുള്ളൂ. എല്ലാം വക്കാലത്ത് പിന്‍വലിച്ച് എന്‍.ഒ.സി വാങ്ങി. ഇപ്പോള്‍ ബാക്കിയുള്ള കേസുകള്‍ പ്രാദേശികമായി പല അഭിഭാഷകരാണ് നോക്കുന്നത് സരിത പറഞ്ഞു.

കുറച്ചുകാലം മുമ്പുണ്ടായ ഒരു തര്‍ക്കത്തെത്തുടര്‍ന്ന് ഫെനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നു. പള്‍സര്‍ സുനി കാണാന്‍ വന്നതായി ഫെനി പറഞ്ഞെന്ന് പത്രത്തില്‍ കണ്ടിരുന്നു. അങ്ങനെയെങ്കില്‍ അയാളെ പോലീസില്‍ ഏല്‍പിക്കേണ്ടതായിരുന്നെന്നാണ് തന്റെ അഭിപ്രായം. കീഴടങ്ങാന്‍ സഹായിക്കാമെന്നു പറഞ്ഞത് അയാളുടെ പ്രൊഫഷണല്‍ എത്തിക്‌സിന്റെ ഭാഗമാണ്. അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആളല്ല. കേസിന്റെ സെന്‍സേഷണല്‍ സ്വഭാവം പരിഗണിച്ച് പോലീസിനെ വിവരമറിയിക്കാമായിരുന്നു. എല്ലാം കഴിഞ്ഞ് വിളിച്ചു എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. നേരിട്ട് ഒന്നിനെക്കുറിച്ചും അഭിപ്രായം പറയാന്‍ താന്‍ ആളല്ല.

ആരാണ് കുറ്റം ചെയ്തതെന്ന് പത്രങ്ങളില്‍ നിന്നുപോലും മനസിലാക്കാനാവാത്ത അവസ്ഥയാണുള്ളത്. ആക്രമിക്കപ്പെട്ട നടി ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. സ്ത്രീയെന്ന നിലയില്‍ അവര്‍ക്കൊപ്പമാണ് താനും എന്ന്  സരിത നായര്‍ പറഞ്ഞു.