സാറ്റ് പരീക്ഷകള്‍ നിര്‍ത്തുന്നു; ഏഴ് വയസുകാര്‍ക്കുള്ള സാറ്റ് 2023 മുതല്‍ ഒഴിവാക്കാന്‍ തീരുമാനം

by News Desk 5 | September 15, 2017 6:51 am

ലണ്ടന്‍: വിവാദമായ സാറ്റ് പരീക്ഷകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. ഇതിനു പകരം 9 വയസുള്ള കുട്ടികള്‍ക്കായി ടൈംടേബിള്‍ ടെസ്റ്റുകള്‍ ഏര്‍പ്പെടുത്തും. സാറ്റ് പരീക്ഷകള്‍ 2023 മുതല്‍ ഒഴിവാക്കാനാണ് പദ്ധതി. ടൈം ടേബിള്‍ ടെസ്റ്റുകള്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പിലാകും. കുട്ടികളുടെ ബൗദ്ധിക വളര്‍ച്ചയേക്കുറിച്ചുള്ള ചിത്രം അധ്യാപകര്‍ക്ക് ലഭിക്കുന്നതിന് ഈ പരീക്ഷ ഉപകരിക്കുമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി പറഞ്ഞു. കീ സ്റ്റേജ് 1 ടെസ്റ്റില്‍ വായന, എഴുത്ത്, കണക്ക്, സയന്‍സ് എന്നിവയിലുള്ള പരീക്ഷകളാണ് നിര്‍ബന്ധിതമായി നടത്തിയിരുന്നത്.

സ്‌കൂളുകളുടെ നിലവാരം അളക്കുന്നതിനും ഉപയോഗിച്ചിരുന്ന ഈ നിര്‍ബന്ധിത പരീക്ഷ ഏഴ് വയസ് പ്രായമുള്ളവര്‍ എഴുതണമായിരുന്നു. കുട്ടികള്‍ക്കു മേല്‍ അനാവശ്യ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്നു എന്ന ആരോപണമുയര്‍ന്നതോടെ വിവാദത്തിലായ ഈ പരീക്ഷില്‍ ഇംഗ്ലണ്ടില്‍ മാത്രം ഓരോ വര്‍ഷവും 5 ലക്ഷം കുട്ടികളാണ് പങ്കെടുക്കുന്നത്. രക്ഷിതാക്കളും അധ്യാപകരും ഈ പരീക്ഷയ്ക്ക് എതിരായിരുന്നു. കുട്ടികള്‍ക്ക് അടിസ്ഥാനമുണ്ടോ എന്ന് പരിശോധിക്കുന്നതിലൂടെ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനും ഇതിലൂടെ കഴിയുമെന്നായിരുന്നു ഇതിനെ അനുകൂലിക്കുന്നവര്‍ വാദിച്ചിരുന്നത്.

സ്‌കൂളുകള്‍ പ്രവേശനം നേടുന്ന സമയത്ത് തന്നെ നടത്തുന്ന ബേസ് ലൈന്‍ അവലോകനമാണ് ഇനി മുതല്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളില്‍ ഒന്ന്. സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന പുരോഗതി വിലയിരുത്താന്‍ ഇത് മാനദണ്ഡമാക്കും. 11 വയസാകുമ്പോള്‍ സാറ്റ് പരീക്ഷയില്‍ പങ്കെടുക്കാനും അവസരമുണ്ടാകും.

Source URL: http://malayalamuk.com/sats-for-seven-year-olds-scrapped-from-2023/