സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ അരാംകോയില്‍ ഡ്രോണ്‍ ആക്രമിക്കപ്പെട്ടതിന് ഇറാനാണ് ഉത്തരവാദിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിനടുത്ത് ബുഖ്യാഖിലാണ് കമ്പനി സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായതുകൊണ്ട് ആഗോള എണ്ണ വിതരണത്തില്‍ 5 ശതമാനത്തിലധികം താല്‍ക്കാലിക നഷ്ടമുണ്ടാകുമെന്നാണ് സൂചന.

ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ‘യെമനില്‍ നിന്ന് ആക്രമണങ്ങള്‍ ഉണ്ടായതായി തെളിവുകളൊന്നുമില്ല’ എന്ന് ട്വീറ്റ് ചെയ്ത പോംപിയോ ഇറാനെയാണ് ലക്ഷ്യം വയ്കുന്നത്. ‘മേഖലയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടയിലാണ് ലോകത്തിന്റെ ഊര്‍ജ്ജവിതരണ കേന്ദ്രം ഇറാന്‍ അക്രമിച്ചിരിക്കുന്നതെന്ന്’ പോംപിയോ പറഞ്ഞു. ‘സൗദി അറേബ്യയ്ക്കെതിരായ നൂറോളം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ടെഹ്റാനാണ്. എന്നിരിക്കെ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും വിദേശകാര്യമന്ത്രി ജവാദ് സരിഫും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതായി നടിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആക്രമണത്തിന്റെ ഭാഗമായി എണ്ണ ഉത്പാദനത്തില്‍ പ്രതിദിനം 5.7 മില്ല്യണ്‍ ബാരല്‍ കുറവുണ്ടാകുമെന്നാണ് അരാംകോ പറയുന്നത്. അത് സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തര എണ്ണ ഉല്‍പ്പാദനത്തിന്റെ പകുതിയോളം വരും. ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. അതുകൊണ്ടുതന്നെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയരാനാണ് സാധ്യത. ആവശ്യമെങ്കില്‍ തങ്ങളുടെ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍ (എസ്പിആര്‍) നിന്ന് എണ്ണ വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് യുഎസ് ഊര്‍ജ്ജ വകുപ്പ് ശനിയാഴ്ച അറിയിച്ചു.

സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന ബുഖ്യാഖ്. ഒരു ദിവസം ഏഴു ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. 2006 ഫെബ്രുവരിയില്‍ ഭീകരസംഘടനയായ അല്‍ഖ്വയ്ദ ഇവിടെ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 2015 മാര്‍ച്ച് മുതല്‍ സൗദി സഖ്യസേന യമനിലെ ഹൂതി വിമതര്‍ക്കെതിരെ പോരാട്ടത്തിലാണ്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അവര്‍ യെമന്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പിടിച്ചെടുത്തിരുന്നു.