സൗദി രാജകുമാരന്‍ മജിദ് ബിന്‍ അബ്ദഒള്ള കാസിനോയില്‍ ചൂത് കളിച്ച് 350 മില്യണ്‍ ഡോളര്‍ (23000 കോടി രൂപ) ധൂര്‍ത്തടിച്ചുവെന്ന് വാര്‍ത്ത. നഷ്ടം നികത്താന്‍ അദ്ദേഹം 25 മില്യണ്‍ ഡോളര്‍ കടം പറഞ്ഞു കളിച്ചുവെന്നും അതും പോരാഞ്ഞ് അഞ്ച് ഭാര്യമാരെയും കാസിനോയില്‍ നിര്‍ത്തിയ ശേഷം കടന്നു കളഞ്ഞുവെന്നും വാര്‍ത്തയുണ്ട്. ആറ് മണിക്കൂര്‍ കൊണ്ട് മജീദ് അഞ്ച് ഭാര്യമാരെയും 23000 കോടിയും നഷ്ടപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിശ്വസനീയമായ ഈ വാര്‍ത്ത കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് പലരും.  വാര്‍ത്ത ഇതിനകം ഇന്റര്‍നെറ്റിലും വൈറലായിക്കഴിഞ്ഞു. എന്നാല്‍ തികച്ചും അടിസ്ഥാനരഹിതമാണ് പ്രചരിക്കുന്ന വാര്‍ത്ത.

2003ല്‍ മരണമടഞ്ഞ മജീദ് എങ്ങനെയാണ് കാസിനോയില്‍ പണം ധൂര്‍ത്തടിക്കുന്നത്. വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന വ്യക്തി ജീവിച്ചരിപ്പില്ല. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വേള്‍ഡ് ന്യൂസ് ഡെയ്‌ലി എന്ന വെബ്‌സൈറ്റിലാണ് വാര്‍ത്ത വന്നത്. ഇത് അറിയാതെ മലയാളത്തിലടക്കം പല മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. തങ്ങളുടെ വെബ്‌സൈറ്റിലേത് വ്യാജമായി കെട്ടിച്ചമയ്ക്കുന്ന വാര്‍ത്തകളാണെന്ന പ്രഖ്യാപനത്തോടെ തന്നെയാണ് വേള്‍ഡ് ന്യുസ് ഡെയ്‌ലി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ഇതുപോലും ശ്രദ്ധിക്കാതെയാണ് പല മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തത്.