ന്യുഡല്‍ഹി: വിവാദമായ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ സുപ്രീം കോടതി ഇടപെടുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുദ്രവച്ച കവറില്‍ കൈമാറണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇടപാടിലേക്ക് എത്തിയ കാര്യങ്ങള്‍ കേന്ദ്രം വ്യക്തമാക്കണം. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടല്‍. എന്നാല്‍ ഹര്‍ജികളില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.

റഫാല്‍ ഇടപാടില്‍ എതിര്‍കക്ഷിയാക്കിയിരിക്കുന്നത് പ്രധാനമന്ത്രിയെ ആണെന്നും അതിനാല്‍ നോട്ടീസ് അയക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയില്‍ നിന്നുണ്ടായ നടപടി തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കുമെന്നും ചൂണ്ടിക്കാട്ടി. റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്നും സര്‍ക്കര്‍ അറിയിച്ചു. വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെങ്കില്‍ കോടതിക്ക് കൈമാറാന്‍ ഈ ഘട്ടത്തില്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേടുണ്ടെന്നും അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ് കോടതിയില്‍ എത്തിയത്. അഡ്വ. വിനീത് ദണ്ഡ, അഡ്വ. എം.എല്‍ ശര്‍മ്മ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇടപാട് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ശര്‍മ്മ മുന്നോട്ടുവച്ചിരുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള കരാര്‍ മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന ആവശ്യവും വിനീത് മുന്നോട്ടുവച്ചിരുന്നു.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റീസുമാരായ എസ്.കെ കൗണ്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. യു.പി.എ കാലത്തും എന്‍.ഡി.എ കാലത്തുമുണ്ടാക്കിയ കരാറുകളില്‍ പറഞ്ഞിരുന്ന തുകയും വ്യക്തമാക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.