സ്കൂള്‍ ബസില്‍ ഗിയറിന്‍റെ സ്ഥാനത്ത് മുളവടി ഉപയോഗിച്ച് ഡ്രൈവിംഗ്. മുംബൈയിലാണ് ബസ് ഡ്രൈവര്‍ അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ രാജ് കുമാറാണ് (21) ഗിയറിന്‍റെ സ്ഥാനത്ത് മുളവടി ഫിറ്റ് ചെയ്ത് ബസ്സ് ഓടിച്ചത്.

സ്കൂള്‍ ബസ് ക‍ഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടപ്പോ‍ഴാണ് വിവരമറിയുന്നത്. മധു പാര്‍ക്കിന് സമീപത്ത് വച്ച് ഒരു ബിഎംഡബ്ലിയു കാറിനെ ഇടിച്ച ശേഷം ബസ് നിര്‍ത്താതെ പോകുകയായിരുന്നു. പിന്‍തുടര്‍ന്നെത്തിയ കാര്‍ ഉടമ ബസ് ഡ്രൈവറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ഗിയര്‍ ലിവറിന്‍റെ സ്ഥാനത്ത് മുളവടി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കാര്‍ ഉടമ പൊലീസിന് കൈമാറുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് രാജ് കുമാറിനെ അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പൊട്ടിയ ഗിയര്‍ ലിവര്‍ നന്നാക്കാന്‍ സമയം കിട്ടാത്തതിനാലാണ് മുളവടി ഉപയോഗിച്ചതെന്നാണ് ബസ് ഡ്രൈവറുടെ വിശദീകരണം. ക‍ഴിഞ്ഞ മൂന്ന് ദിവസവും ഈ മുളവടി ഉപയോഗിച്ചാണ് ബസ്സോടിച്ചതെന്നും അയാള്‍ കുറ്റം സമ്മതിച്ചു. 279, 330 വകുപ്പുകള്‍ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ രാജ് കുമാറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
എന്തായാലും ഭാഗ്യവശാല്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി അന്വേഷണം നടത്തും.