ചെറുപ്പകാലത്ത് ക്രിസ്മസ് അപ്പൂപ്പനാണ് കുട്ടികള്‍ക്ക് ക്രിസ്മസ്. ആഘോഷങ്ങള്‍ക്കും ദൈവികമായ ചരിത്രത്തിനും അപ്പുറം കുട്ടികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന സമ്മാനങ്ങളും സാന്റയുടെ സന്ദര്‍ശനവുമെല്ലാമാണ് കുട്ടികളെ സംബന്ധിച്ചിടത്തോളം ക്രിസ്മസ്. സമ്മാനങ്ങളുമായി എത്തുന്ന ക്രിസ്മസ് അപ്പൂപ്പന്‍ ഇല്ലെന്ന് കുട്ടികളോട് ആരെങ്കിലും പറഞ്ഞാല്‍ സ്വഭാവികമായും കണ്ണീരണഞ്ഞായിരിക്കും അവര്‍ പ്രതികരിക്കുക. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ലിങ്കണ്‍ഷെയറിലെ ഒരു പ്രൈമറി സ്‌കൂളില്‍ നടന്നത്. ഒരു ക്രിസ്ത്യന്‍ ചാരിറ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഒരു വളണ്ടിയര്‍ ക്രിസ്മസ് സാന്റ യഥാര്‍ത്ഥത്തില്‍ കെട്ടുകഥയാണെന്ന് കുട്ടികളോട് പറയുന്നത്. സംഭവം കേട്ടയുടന്‍ തന്നെ വിശ്വസിക്കാനാവാതെ സങ്കടപ്പെടുകയാണ് കുട്ടികള്‍ ചെയ്തത്. പലരും വീണ്ടും ആവര്‍ത്തിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തു.

ക്രിസ്മസിന് പിന്നിലെ ഐത്യഹ്യവും യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ചരിത്രവും വിശദീകരിക്കുന്നതിനിടെയിലാണ് ഒരു വളണ്ടിയര്‍ ക്രിസ്മസ് അപ്പൂപ്പന്‍ യഥാര്‍ത്ഥമല്ലെന്ന് കുട്ടികളോട് പറഞ്ഞത്. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളായതിനാല്‍ തങ്ങളുടെ പ്രിയങ്കരനായ സാന്റ ഇല്ലെന്ന് അറിഞ്ഞത് വലിയ ഞെട്ടലുളവാക്കി. പലരും അതീവ ദുഃഖിതരായിട്ടാണ് വീടുകളിലേക്ക് മടങ്ങിയത്. യേശുവുമായി ബന്ധപ്പെട്ടതാണ് ക്രിസ്മസ് അല്ലാതെ സാന്റയുടേതല്ലെന്ന് കുട്ടികളെ മനസിലാകാനായിരുന്നു ക്രിസ്ത്യന്‍ ചാരിറ്റി പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍ ഇത് വിപരീത ഫലമാണ് ഉണ്ടാക്കിയത്.

തന്റെ കുട്ടി വീട്ടിലേക്ക് തിരികെയത്തിയത് കണ്ണീരണഞ്ഞാണെന്ന് ഒരു മാതാവ് പ്രതികരിച്ചു. കാര്യം അന്വേഷിച്ചപ്പോയാണ് സാന്റയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നിന്ന് കേട്ട കഥയാണ് സങ്കടത്തിന് പിന്നലെന്ന് മനസിലായതെന്നും അവര്‍ പ്രതികരിച്ചു. സാന്റയുടേത് ഒരുകഥ മാത്രമാണെന്ന് ഉറപ്പിക്കാന്‍ കുട്ടികളോട് ചാരിറ്റി പ്രവര്‍ത്തകര്‍ സാന്റയുടെ ചോക്ലേറ്റ് പ്രതിമ ഉടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചോക്ലേറ്റ് സാന്റ വീട്ടിലേക്ക് കൊണ്ടുപോയി ഉടയ്ക്കാനും കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തന്റെ കുട്ടി വീട്ടിലെത്തി ചോക്ലേറ്റ് സാന്റയെ ഉടച്ചതിന് ശേഷം അതിന് പിന്നിലെ കഥ പറഞ്ഞതായി മറ്റൊരു മാതാവ് പറയുന്നു. തനിക്ക് വളരെ അസ്വസ്ഥമായിട്ടാണ് കുട്ടിയുടെ മാറ്റത്തെ കാണാന്‍ കഴിഞ്ഞതെന്ന് ഇവര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചാരിറ്റി ഗ്രൂപ്പിനോട് വിശദീകരണം ചോദിക്കുമെന്നും സ്‌കൂള്‍ ഹെഡ് ടീച്ചര്‍ വ്യക്തമാക്കിയിട്ടുണ്ട്.