കുട്ടികള്‍ക്ക് എ-ലെവലിന് പകരം സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കാനൊരുങ്ങി സര്‍ക്കാര്‍. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദശകങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പൊളിച്ചെഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന നിയമഭേദഗതിയാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2020 സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സ്ട്രക്ഷന്‍, ഡിജിറ്റല്‍ സ്‌കില്‍സ്, ചൈല്‍ഡ്‌കെയര്‍ തുടങ്ങിയവയില്‍ വിദ്യാഭ്യാസ യോഗ്യത നേടാന്‍ അവസരമുണ്ടാകും. ഇംംഗ്ലണ്ടിലെ 52 കോളേജുകളിലാണ് ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ്, ക്രിയേറ്റീവ് ആന്‍ഡ് ഡിസൈന്‍ തുടങ്ങി 22 കോഴ്‌സുകള്‍ 2021 മുതല്‍ വിവിധ ഘട്ടങ്ങളിലായി അവതരിപ്പിക്കും.

ഈ ടൈംടേബിള്‍ അനുസരിച്ച് ഈ വര്‍ഷം ജിസിഎസ്ഇ ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ എ-ലെവല്‍ കോഴ്‌സിനോ പുതിയ സാങ്കേതിക പഠനത്തിനോ ചേരാനുള്ള അവസരം ലഭിക്കും. കഴിഞ്ഞ നവംബറിലാണ് ഈ ഭേദഗതിക്കായുള്ള കണ്‍സള്‍ട്ടേഷന്‍ അവതരിപ്പിച്ചത്. ബിസിനസുകള്‍ക്കും ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുമായാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. മറ്റു രാജ്യങ്ങളിലെ സമാന പദ്ധതികള്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി കൗമാരക്കാര്‍ക്ക് തങ്ങളുടെ ഭാവി സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല. എ-ലെവല്‍ ഒരു ലോകോത്തര വിദ്യാഭ്യാസ യോഗ്യത നല്‍കുന്നുണ്ടെങ്കിലും നമ്മുടെ പല ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കും തൊഴിലുടമകള്‍ വില നല്‍കുന്നില്ല. ഇതു മൂലം വിദഗ്ദ്ധ യോഗ്യത നേടിയ പലര്‍ക്കും മികച്ച ജോലികള്‍ ലഭിക്കുന്നതുമില്ല. ഈ രീതിക്ക് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജുകള്‍, സ്‌കൂളുകള്‍, കമ്യൂണിറ്റി കോളേജുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലായിരിക്കും ഈ കോഴ്‌സുകള്‍ നടത്തുന്നത്.