ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ്‌ തമോഗർത്തം (ബ്ലാക്ക് ഹോൾ). എന്നാൽ ഇത്തരം തമോഗര്‍ത്തത്തിൽ നിന്നും പുറത്തു വരുന്ന കൂറ്റൻ പ്ലാസ്മാ ജെറ്റിന്റെ അഭൂതപൂർവമായാ ചിത്രം പകർത്തിയിരിക്കുകയാണ് ഗവേഷകർ. ശാസ്ത്ര ലോകത്തിന് മുന്നോട്ടുള്ള ഗവേഷണങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് ചിത്രത്തിലൂടെ വെളിപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചിത്രത്തിന്റെ ഇടതുവശത്തുള്ള ശോഭയുള്ള ബ്ലോബ് തമോഗര്‍ത്തത്തിന് ചുറ്റുമുള്ള വാതകവും പൊടിപടലങ്ങളുമാണെന്ന് അവര്‍ അനുമാനിക്കുന്നു. ഈ ജെറ്റ് ബ്ലേസർ എന്നറിയപ്പെടുന്ന ഒരു ഘടനയാണ് എന്ന് വിദഗ്ധർ പറയുന്നു. സൂപ്പർമാസിവ് തമോഗര്‍ത്തങ്ങളില്‍ നിന്നാണ് അവ ഉണ്ടാകുന്നത്. അവ കറങ്ങുമ്പോൾ കാന്തികക്ഷേത്രങ്ങള്‍ ഉണ്ടാകുന്നു. തന്മൂലം തമോദ്വാരത്തിന് ചുറ്റുമുള്ള വസ്തുക്കൾ രണ്ട് ജെറ്റുകളായി പുറന്തള്ളപ്പെടും. അതിലൊന്നാണ് ഭൂമിക്കു നേരെ നീളുന്നത്.

തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല. തമോദ്വാരം അദൃശ്യമാണെങ്കിലും, ചുറ്റുമുള്ള വസ്തുക്കളിൽ അതുളവാക്കുന്ന മാറ്റങ്ങളിലൂടെ അതിന്റെ സാന്നിധ്യം മനസ്സിലാക്കാനാകും.

ഒരു ചുഴിയിലേക്കെന്നപോലെ തമോഗര്‍ത്തത്തിലേക്ക് പതിക്കുന്ന പദാര്‍ത്ഥങ്ങള്‍ അതിവേഗം ചുറ്റുമ്പോള്‍ ഘര്‍ഷണംകൊണ്ട് കോടിക്കണക്കിന് ഡിഗ്രി ചൂടുള്ള, നിലച്ചക്രത്തില്‍ നിന്ന് തീപ്പൊരി ചിതറുന്നത് പോലെ പോലെ ഒരു ‘അക്രീഷന്‍ ഡിസ്‌ക്’ ഉണ്ടാകും. പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശോജ്വലമായ സംഭവങ്ങളിലൊന്നാണ് ബിസ്‌കറ്റ് പോലെയുള്ള ഈ വൃത്തം. ഈ വിചിത്രപ്രതിഭാസത്തിന്റെ ചിത്രമെടുക്കാനുള്ള അറ്റകൈ പ്രവര്‍ത്തനങ്ങളില്‍ ഭൗതികശാസ്തജ്ഞര്‍ ഇതിനായി ദക്ഷിണധ്രുവം മുതല്‍ ഹവായിയും അമേരിക്കന്‍ ഭൂഖണ്ഡങ്ങളും യൂറോപ്പും വരെയുള്ള ദേശങ്ങളിലെ റേഡിയോ ടെലിസ്‌കോപ്പുകളെ കൂട്ടിയിണക്കിക്കൊണ്ട് ഇവന്റ് ഹൊറൈസണ്‍ ടെലിസ്‌കോപ്പ് (ഇ.എച്ച്.ടി.) ഒരുക്കിയിരിക്കുന്നത്. ഈ ടെലിസ്‌കോപ്പ് പകർത്തിയ ചിത്രത്തിലേക്കാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും.

സൂപ്പർമാസിവ് തമോദ്വാരത്തിന് ചുറ്റുമുള്ള ജെറ്റിന്റെ ഏറ്റവും ഉയർന്ന റെസല്യൂഷനിലുള്ള ചിത്രം ഗവേഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. അതായത് ജെറ്റിന്റെ അടിഭാഗത്ത് എന്താണ് സംഭവിക്കുന്നതെന്ന അന്വേഷണത്തിലേക്ക് ഗവേഷകർക്ക് ആദ്യമായി കടക്കാന്‍ കഴിയും. ചിത്രം Astronomy & Astrophysics ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.