ലണ്ടന്‍: അപൂര്‍വ്വ രോഗങ്ങളെ പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ള ‘മിനി തലച്ചോര്‍’ രൂപകല്‍പ്പന ചെയ്ത് ശാസ്ത്രലോകം. മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കേംബ്രിഡ്ജിലുള്ള മോളിക്യുലാര്‍ ബയോളജി ലബോറട്ടറിയിലാണ് ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടാകാന്‍ പോകുന്ന ഗവേഷണം നടക്കുന്നത്. പ്രൊഫസര്‍ മെഡലീന്‍ ലാന്‍സെസ്റ്ററാണ് ഗവേഷണത്തിന്റെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നത്. ധാന്യമണിയുടെ വലിപ്പം മാത്രമുള്ള തലച്ചോര്‍ ശരീരത്തിലെ മസിലുകളുമായും സ്‌പെനല്‍ കോഡുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മിനി ബ്രയിനിന് കഴിയുമെന്ന് ഗവേഷണത്തിന്റെ ഭാഗമായിട്ടുള്ള ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

12 മുതല്‍ 16 ആഴ്ച്ച വരെ പ്രായമുള്ള മനുഷ്യന്റെ തലച്ചോറിന് സമാനമാണ് നിലവില്‍ വികസിപ്പിച്ചെടുത്ത മിനി ബ്രയിനിന്റെ പ്രവര്‍ത്തനരീതിയും വലിപ്പവും. അതായത് 12 മുതല്‍ 16 ആഴ്ച്ച വരെ സ്ത്രീയുടെ വയറില്‍ ഒരു കുഞ്ഞിന്റെ തലച്ചോര്‍ എത്രകണ്ട് വലുതാകുമോ അത്രയധികം വലിപ്പവും പ്രവര്‍ത്തനക്ഷമതയും പ്രസ്തുത മിനി ബ്രയിനിനും ഉണ്ടാകും. മെഡിക്കല്‍ ഗവേഷണരംഗത്ത് ഇത്തരമൊരു പരീക്ഷണം ഇതാദ്യമായാണ് നടക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും. മനുഷ്യന്റെ ജീനുമായി ഇവ എത്രത്തോളം അടുത്തുനില്‍ക്കുന്നുവെന്ന കാര്യങ്ങളും പഠിച്ചുവരികയാണ്.

ഈ പഠനം ഒരു തമാശയ്ക്ക് വേണ്ടിയുള്ളതല്ലെന്നും മനുഷ്യന്റെ തലച്ചോറിന്റെ രൂപപ്പെടലിനെക്കുറിച്ച് വ്യക്തമായി മനസിലാക്കുന്നതിന് വേണ്ടിയാണെന്നും ഗവേഷണത്തിന്റെ നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ മെഡലീന്‍ ലാന്‍സെസ്റ്റര്‍ പറഞ്ഞു. നിലവില്‍ വികാരങ്ങളോ ബോധമനസോ ഉണ്ടാകുന്നതിന് ആവശ്യമായ വലിപ്പം വികസിപ്പിച്ചെടുത്ത തലച്ചോറിന് ഇല്ല. പക്ഷേ ഇക്കാര്യങ്ങളെക്കുറിച്ച് ഒരു ധാരണ വളര്‍ത്തിയെടുക്കുന്നത് എപ്പോഴും ഗുണം ചെയ്യും. ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം മനുഷ്യന്റെ നാഡീ വ്യൂഹത്തെക്കുറിച്ചും തലച്ചോറിനെക്കുറിച്ചു പഠിക്കുകയെന്നതാണ്. രോഗാവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിപ്പെടുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ ഇത് സഹായക്കും.