ലണ്ടന്‍: ഡ്രോണുകളെ കീഴടക്കാന്‍ പരുന്തന്തുകളെ ഉപയോഗിക്കുന്ന കാര്യം സ്‌കോട്ട്‌ലന്റ് യാര്‍ഡ് പരിഗണിക്കുന്നു.പരിശീലനം സിദ്ധിച്ച പക്ഷികളെ ഉപയോഗിച്ച് ഡച്ച് പൊലീസ് നടത്തുന്ന ഡ്രോണ്‍വേട്ട തങ്ങളെ ഏറെ ആകര്‍ഷിച്ചതായി കമ്മീഷണര്‍ സര്‍ ബെര്‍നാര്‍ഡ് ഹൊഗന്‍ ഹൊവ് പറഞ്ഞു. ഡ്രോണുകള്‍ വ്യാപകമായതോടെ ഇവ ഉപയോഗിച്ചുളള കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇവയെ നേരിടുന്ന കാര്യം പൊലീസ് സേനകള്‍ പരിശോധിക്കുന്നത്.
മോഷണം നടത്താനുദ്ദേശിക്കുന്ന വീടുകളില്‍ നിരീക്ഷണം നടത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജയിലുകളിലും മറ്റും മയക്ക് മരുന്ന് വിതരണത്തിനായും ഡ്രോണുകള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇത് നേരിടുന്നതിനായി സാധ്യമായ എല്ലാ നവീനാശയങ്ങളും ഉപയോഗിക്കുന്ന കാര്യം സേനയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഡച്ച് പൊലീസിന്റെ പക്ഷികളെ ഉപയോഗിച്ചുളള ആക്രമണം ഏറെ ആകര്‍ഷിച്ചതായും സ്‌കോട്ട്‌ലന്റ് യാര്‍ഡ് വ്യക്തമാക്കി. പരുന്ത് ഡ്രോണുമായി വരുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ കണ്ടതോടെ ഇക്കാര്യം ആലോചിക്കാന്‍ തുടങ്ങിയെന്നും അധികൃതര്‍ പറയുന്നു.

ഇതിലൂടെ സാങ്കേതികതയുടെ ഉപയോഗം വളരെ കുറച്ചുകൊണ്ടുതന്നെ വന്‍ സാങ്കേതികപ്രശ്‌നം പരിഹരിക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു. തങ്ങളുടെ മേഖലയിലേക്ക് കടന്നുകയറുന്ന എന്തിനേയും ശത്രുക്കളായി കണ്ട് ആക്രമിക്കുന്ന സ്വഭാവം പരുന്തുകള്‍ക്കുണ്ടെന്ന് അമേരിക്കന്‍ പരിസ്ഥിതി സംഘടനയായ നാഷണല്‍ ഔട്‌ബോണ്‍ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഡ്രോണുകളെ കീഴ്‌പ്പെടുത്താന്‍ പറ്റിയ പക്ഷിയാണ് പരുന്തെന്ന് സ്‌കോട്ട്‌ലാന്റ് യാര്‍ഡിന്റെ വക്താവ് ജെഫ് ലെബാരന്‍ പറയുന്നു.