പോളിൻ കാഫർക്കി എന്ന 43കാരിയായ സ്കോട്ടിഷ് നേഴ്സ് ആണ് എബോള രോഗത്തോട് പൊരുതി കഴിഞ്ഞ ചൊവ്വാഴ്ച സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ ഇരട്ട ആൺ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 2014ലാണ് ഇവർ പടിഞ്ഞാറൻ ആഫ്രിക്കയിൽ ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ എബോള രോഗബാധിതയായത്.

ആഴ്ചകളോളം ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ ഇവരെ പിന്നീട് പലതവണകളിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. തനിക്ക് ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്നും അതിന് തന്നെ സഹായിച്ച എല്ലാ എൻഎച്ച്എസ് പ്രവർത്തകരോടും നന്ദിയുണ്ടെന്നും അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. എബോള രോഗബാധക്ക് ശേഷവും രോഗം സുഖപ്പെട്ടാൽ പിന്നീട് ഒരു ഭാവിജീവിതം ഉണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് പോളിന്റെ ജീവിതം.

ആഫ്രിക്കയിലെ സിയറ ലിയോണിൽ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ആയിരുന്നു പോളിൻ എന്ന നേഴ്സ് രോഗബാധിതയായത്. പിന്നീട് ഇവരെ ലണ്ടനിലെ റോയൽ ഫ്രീ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയാണ് ഉണ്ടായത്. തുടക്കത്തിൽ ആരോഗ്യസ്ഥിതി വളരെ മോശം ആയിരുന്ന പോളിൻ പിന്നീട് മെച്ചപ്പെടുകയാണ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം11, 000 ആളുകളാണ് അന്ന് എബോള രോഗത്തെ തുടർന്ന് മരണപ്പെട്ടത്. ആരോഗ്യരംഗത്തെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള തെളിവാണ് പോളിന്റെ ജീവിതം.