ഇതെന്ത് പ്രതിഭാസം ! ചൈനയിൽ വിചിത്രമഴ പെയ്തു. ഒപ്പം പെയ്തിറങ്ങിയത് നീരാളികളും നക്ഷത്ര മത്സ്യവും. കാര്യം പറയാനാകാതെ കാലാവസ്ഥാ വിഭാഗവും. കുറച്ചു ദിവസമായി പ്രദേശത്തു കടുത്ത കാറ്റും മഴയുമുണ്ടായിരുന്നു. മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് നീരാളിയും നക്ഷത്രമത്സ്യങ്ങളും കടൽപ്പന്നിയും ഞണ്ടുമുൾപ്പെടെ നിരവധി കടൽ ജീവികളുമൊക്കെയാണ്. ഇതുകണ്ട് ജനങ്ങളാകെ പരിഭ്രമത്തിലായി.
യാഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് പറയാനാകില്ലെങ്കിലും വാട്ടർ സ്പൗട്ട് പ്രതിഭാസമാകാം ഇതെന്നാണ് വിലയിരുത്തൽ. പ്രത്യേകതരം മർദത്തെത്തുടർന്ന് കടൽജലത്തോടൊപ്പം കടൽജീവികൾ ആകാശത്തേക്കു വലിച്ചെടുക്കപ്പെടുകയും കൊടുങ്കാറ്റിൽ ഇവ തീരത്തു പെയ്തിറങ്ങിയെന്നുമാണ് ഇപ്പോഴത്തെ നിഗമനം. നേരത്തെ മെക്സിക്കോയിലുണ്ടായ ഇത്തരം പ്രതിഭാസത്തിൽ നിരവധി മത്സ്യങ്ങൾ മഴയ്ക്കൊപ്പം ഭൂമിയിൽ പതിച്ചിരുന്നു. മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിനു കാരണമാകുന്നത്.

വാട്ടർ സ്പൗട്ടിനെ ആനക്കാൽ പ്രതിഭാസമെന്നും പറയാറുണ്ട്. ആനയുടെ തുമ്പിക്കൈ രൂപത്തിൽ മേഘപാളി പ്രത്യക്ഷപ്പെട്ട് പ്രതിഭാസം രൂപപെടുന്ന സമയത്തു കടല്‍ ജീവികളെ വെള്ളത്തോടൊപ്പം ഉള്ളിലേക്ക് വലിച്ചെടുത്ത് മഴയായി പെയ്യുകയും ചെയ്യും. ചൈനയിലെ തീരദേശ നഗരമായ ക്വിങ്ഡാവോയിലാണ് കഴിഞ്ഞ ദിവസം ഇങ്ങനെയൊരു സംഭവുണ്ടായത്. കൂറ്റൻ നീരാളികൾ‌ വീണ് പലരുടേയും കാറിന്റെ ചില്ലുകൾ തവിടുപൊടിയായി. വിഡിയോ കാണാം.