ഇംഗ്ലണ്ടിനെതിരെ ലോഡ്‌സില്‍ രണ്ടാം ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് അടിമുടി അവ്യക്തത. ഒന്നാം ടെസ്റ്റില്‍ നിന്നും വ്യത്യസ്തമായി രണ്ടോളം മാറ്റങ്ങളാണ് ടീം ഇന്ത്യ വരുത്തുകയെന്നാണ് സൂചന.

ഓപ്പണിംഗ് സ്ഥാനത്ത് ശിഖര്‍ ധവാന്‍ പുറത്താകാനുളള സാധ്യത കൂടുതലാണ്. പകരം കെ എല്‍ രാഹുലും മുരളി വിജയ്യും ആകും ഓപ്പണര്‍മാരായി ഇറങ്ങുക. മൂന്നാമനായി പൂജാര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. പൂജാരയ്ക്ക് ശേഷം കോഹ്ലിയും രാഹാനയും ഇറങ്ങും.

അതെസമയം ദിനേഷ് കാര്‍ത്തികിന് ഒരവസരം കൂടി ലഭിക്കാന്‍ സാധ്യതയുണ്ട്. പുതുമുഖ താരം റിഷഭ് പന്ത് ഇത്തവണയും പുറത്തിരിക്കും. ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ ഇത്തവണ പുനപരിശോധന ഉണ്ടാകും. രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനാണ് തീരുമാനമെങ്കില്‍ അശ്വിനൊപ്പം കുല്‍ദീപും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടും. രവീന്ദ്ര ജഡേജയെയും അശ്വിനൊപ്പം കുല്‍ദീപിന് പകരം പരീക്ഷിച്ചേക്കും. അങ്ങനെയെങ്കില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ പുറത്തിരിക്കേണ്ടി വരും.

പേസ് ബൗളര്‍മാരില്‍ കാര്യമായ മാറ്റമുണ്ടായേക്കില്ല. മുഹമ്മദ് ഷാമിയും ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും തന്നെ അന്തിമ ഇലവനില്‍ കളിക്കും.

അതെസമയം രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ യുവതാരം അരങ്ങേറ്റം കുറിക്കുമെന്ന് ക്യപ്റ്റന്‍ ജോ റൂട്ട് വ്യക്തമാക്കി. നാലാം നമ്പറില്‍ ഡേവിഡ് മലാന് പകരം ഒല്ലി പോപ് ടീമില്‍ സ്ഥാനം പിടിക്കും. ഇരുപതുക്കാരന്റെ സ്ഥാനം റൂട്ട് ഉറപ്പുവരുത്തി.

ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് പകരം ക്രിസ് വോക്സ്, മൊയീന്‍ അലി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ടീമിലെത്തും. 13 അംഗ സ്‌ക്വാഡില്‍ നിന്ന് പേസര്‍ ജാമി പോര്‍ട്ടറാണ് പുറത്തായത്.

ജോ റൂട്ട് (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബെയര്‍സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്ലര്‍, അലിസ്റ്റര്‍ കുക്ക്, സാം കുറന്‍, കീറ്റണ്‍ ജെന്നിങ്സ്, ഒല്ലി പോപ്, ആദില്‍ റഷീദ്, ക്രിസ് വോക്സ്.