ലണ്ടന്‍: സീനിയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷത്തിലേറെയായി ഉയരുമെന്ന് പ്രതീക്ഷ. കുടിയേറ്റം മൂലം കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ഇതിന് കാരണം. സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ദ്ധനയാണ് ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നതെന്ന് ഗവണ്‍മെന്റ് കണക്കുകള്‍ പറയുന്നു. ലേബര്‍ ഗവണ്‍മെന്റിന്റെ കാലഘട്ടത്തിലുണ്ടായ വര്‍ദ്ധിച്ച കുടിയേറ്റത്തിനു പിന്നാലെ 2000 മുതലാണ് കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കാനാരംഭിച്ചത്. വിദേശത്തു നിന്നെത്തിയ സ്ത്രീകളിലെ പ്രസവ നിരക്ക് തദ്ദേശീയരായവരേക്കാള്‍ കൂടുതലാണെന്ന് ഗവണ്‍മെന്റ് കണക്കുകള്‍ വിലയിരുത്തുന്നു.

ഈ വിധത്തില്‍ ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവ് പ്രൈമറി സ്‌കൂളുകളില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. മിക്ക സ്‌കൂളുകള്‍ക്കും ക്ലാസുകള്‍ കൂടുതലാക്കേണ്ടിവരികയോ ക്ലാസ്മുറികളുടെ വലിപ്പം കൂട്ടേണ്ടതായി വരികയോ ചെയ്തു. കുട്ടികള്‍ വളരുന്നതോടെ ഈ പ്രശ്‌നം ഇനി സെക്കന്‍ഡറി സ്‌കൂളുകളും നേരിടേണ്ടതായി വരികയാണ്. സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതില്‍ രാജ്യത്തൊട്ടാകെ പ്രശ്‌നങ്ങളുണ്ടെന്ന് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് ജനറല്‍ സെക്രട്ടറി ജെഫ് ബാര്‍ട്ടണ്‍ പറഞ്ഞു. ചില മേഖലകളില്‍ സമീപത്തുള്ള കുട്ടികളെപ്പോലും പ്രവേശിപ്പിക്കാനാകാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രാദേശികമായ സീറ്റ് ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. കുട്ടികള്‍ക്ക് അര്‍ഹവും ആവശ്യവുമായ വിദ്യാഭ്യാസം നല്‍കാന്‍ ഗവണ്‍മെന്റ് ഫണ്ടഡ് സ്‌കൂളുകളില്‍ സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016-17 വര്‍ഷത്തില്‍ 3.14 മില്യന്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രായമുള്ള കുട്ടികള്‍ യുകെയില്‍ ഉണ്ടായിരുന്നു. 2023-24 വര്‍ഷത്തോടെ ഇതില്‍ നിന്ന് 3.8 മില്യന്റെ വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകള്‍ പലതും ശേഷിക്കു മേലാണ് പ്രവര്‍ത്തിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.