ലണ്ടന്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമമത ബാനര്‍ജിക്കൊപ്പം ലണ്ടനിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യന്‍ മാധ്യമലോകത്തിന് നല്‍കിയത് തീരാ നാണക്കേട്. ഔദ്യോഗിക ഡിന്നറിന് വേദിയായ ഹോട്ടലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ വെള്ളി സ്പൂണുകളും ഫോര്‍ക്കുകളും അടിച്ചുമാറ്റി. ഭക്ഷണം വിളമ്പിയ വലിയ മേശയില്‍ നിന്ന് സ്പൂണുകളും ഫോര്‍ക്കുകളും ബാഗുകളിലേക്കും മറ്റും മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെങ്കിലും ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാര്‍ സംയമനം പാലിക്കുകയും മോഷണം തങ്ങള്‍ കണ്ടുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുകയുമായിരുന്നു.

ഇതോടെ മിക്കവരും മോഷ്ടിച്ച സാധനങ്ങള്‍ തിരികെ നല്‍കി. ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പക്ഷേ കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. വേണമെങ്കില്‍ തന്റെ വസ്ത്രമുള്‍പ്പെടെ പരിശോധിക്കാന്‍ ഇയാള്‍ വെല്ലുവിളിക്കുകയും ചെയ്തു. സ്പൂണ്‍ മോഷ്ടിച്ച് മറ്റൊരാളുടെ ബാഗില്‍ തിരുകുന്ന ദൃശ്യം നേരിട്ട് കാണിച്ചതോടെയാണ് ഇയാള്‍ സെക്യുരിറ്റി ജീവനക്കാരുടെ വാദം അംഗീകരിക്കാന്‍ തയ്യാറായതെന്ന് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളില്‍ നിന്ന് 50 പൗണ്ട് പിഴയീടാക്കിയെന്നാണ് വിവരം.

പശ്ചിമ ബംഗാളിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പ്രധാനപ്പെട്ട വിദേശ പര്യടനങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒപ്പം കൂട്ടാറുണ്ട്. ഇവരിലൊരാളാണ് മോഷണത്തിന് തുടക്കമിട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഇത് കണ്ടെങ്കിലും നിരുത്സാഹപ്പെടുത്തിയില്ലെന്ന് മാത്രമല്ല, തങ്ങളാലാകും വിധം വെള്ളി സ്പൂണുകളും മറ്റും അടിച്ചു മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. യോഗത്തിന്റെ ഗൗരവ സ്വഭാവവും പങ്കെടുക്കുന്ന വ്യക്തികളുടെ പദവിയും പരിഗണിച്ച് അപ്പോള്‍ തന്നെ ഇത് പ്രശ്‌നമാക്കേണ്ടെന്ന് ഹോട്ടല്‍ സെക്യൂരിറ്റി തീരുമാനിക്കുകയുമാരുന്നു.

സഹകരിച്ചില്ലെങ്കില്‍ പോലീസില്‍ അറിയിക്കുമെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞപ്പോളാണ് പലരും തൊണ്ടി മുതലുകള്‍ തിരികെ നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിഴയടച്ച മാധ്യമപ്രവര്‍ത്തകന്റെ പേര് പുറത്ത് വിട്ടിട്ടില്ല. മുതിര്‍ന്ന ബംഗാളി എഴുത്തുകാരന്റെ പുത്രനായ ഇയാള്‍ യോഗ്യതകളൊന്നുമില്ലെങ്കിലും പിതാവിന്റെ പേരില്‍ പത്രത്തില്‍ കയറിപ്പറ്റിയ ആളാണെന്നും ചിലര്‍ പറയുന്നുണ്ട്.