തിരുവനന്തപുരം: തന്നെ ഡിജിപിയായി വീണ്ടും നിയമിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ടി.പി.സെന്‍കുമാര്‍. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച നല്‍കിയേക്കും. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന നീക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഏപ്രില്‍ 24നാണ് കോടതി വിധി വന്നത്. പക്ഷേ പുനര്‍നിയമനം നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ പറഞ്ഞ് പൊലീസ് മേധാവി സ്ഥാനത്തും നിന്നും സെന്‍കുമാറിനെ പുറത്താക്കാനാവില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ജൂണ്‍ 30ന് സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി അവസാനിക്കും. അതുവരെ ഡിജിപി സ്ഥാനത്ത് നിയമിക്കണമെന്നാണ് കോടതി നിര്‍ദേശം. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിന് പകപോക്കാനാണ് തന്നെ നീക്കിയതെന്നുമായിരുന്നു സെന്‍കുമാര്‍ കോടതിയില്‍ പറഞ്ഞത്.

ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ ഡിജിപി സെന്‍കുമാറിന്റെയും പൊലീസിന്റെയും സമീപനം ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടാക്കിയെന്ന് കാണിച്ചാണ് സെന്‍കുമാറിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍തന്നെ സെന്‍കുമാറിനെ നീക്കിയത്. തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെതിരെ ഹൈക്കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും സെന്‍കുമാര്‍ പോയിരുന്നെങ്കിലും വിധി എതിരായിരുന്നു. തുടര്‍ന്ന് ഇടതു സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുന്‍ ഡിജിപിയായിരുന്ന ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കേസിന് പോകുന്നതും.