ആറാഴ്ച മാത്രം പ്രായമുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയ 17കാരനായ പിതാവിന് ജീവപര്യന്തം

ആറാഴ്ച മാത്രം പ്രായമുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയ 17കാരനായ പിതാവിന് ജീവപര്യന്തം
December 22 17:39 2018 Print This Article

സൗതാംപ്ടണ്‍: ആറാഴ്ച മാത്രം പ്രായമുള്ള മകനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ പതിനേഴുകാരന് ജീവപര്യന്തം തടവ്. വിന്‍സ്റ്റര്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഡൗള്‍ടണ്‍ ഫിലിപ്പ്‌സാണ് കുട്ടിയെ മര്‍ദിച്ചു കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിനെ 30 മാസവും തടവിന് ശിക്ഷിച്ചു. കുഞ്ഞിന്റെ സുരക്ഷാ വീഴ്ചയും തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാത്തതും കണക്കിലെടുത്താണ് അലന്നാ സ്‌കിന്നറിന് ശിക്ഷ നല്‍കാന്‍ കാരണം.

ക്രൂരമായ മര്‍ദനത്തിനിരയായ കുഞ്ഞിന്റെ തലയോട്ടിയും വാരിയെല്ലും കാലും തകര്‍ന്ന നിലയിലായിരുന്നു. കൂടാതെ കുഞ്ഞിന്റെ മൂക്കു കടിച്ചെടുത്ത നിലയിലായിരുന്നു. ഫെബ്രുവരി 11 പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. ക്രൂരമായി പരുക്കേറ്റ കുഞ്ഞിനെ രാവിലെ അഞ്ചുമണിവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഇവര്‍ തയാറായിരുന്നില്ല.

അയല്‍വാസിയുടെ വീട്ടിലെ പാര്‍ട്ടിക്കിടയില്‍ ഫിലിപ്‌സ് വോഡ്കയും ബിയറും കൂടാതെ എക്‌സ്ടസി എന്ന എംഡിഎംഎ മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. പാര്‍ട്ടിക്കുശേഷം ഫ്‌ളാറ്റിലെത്തിയ ഫിലിപ്‌സ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിക്കുന്നതിനു കാരണമായത് ഇതാണെന്നാണു കോടതിയുടെ വിലയിരുത്തല്‍.

കുഞ്ഞിനെ മര്‍ദിച്ച ഫിലിപ്‌സ് 3.41 ഓടെ ഫ്‌ളാറ്റില്‍നിന്ന് പുറത്തുപോയി. ഇയാള്‍ കടയില്‍ കയറി വളരെ ശാന്തമായി ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് യുവാവിന്റെ ക്രൂരത തെളിയിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണെന്നു കോടതി കണ്ടെത്തി. സ്‌കിന്നര്‍ ഗര്‍ഭിണിയായിരുന്ന സമയത്തും ഫിലിപ്പ്‌സ് ഉപദ്രവിക്കാറുണ്ടായിരുന്നു. പലപ്പോഴും അടിക്കുകയും തള്ളിയിടുകയും ചെയ്തിരുന്നു.

എന്നാല്‍ കോടതിയിലെത്തിയ ഫിലിപ്പ്‌സ് താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും സോഫയില്‍നിന്ന് കുഞ്ഞു താഴെ വീഴുകയായിരുന്നുവെന്നും മൊഴി നല്‍കി. സംഭവദിവസം അവരുടെ വീട്ടില്‍നിന്ന് വലിയ കരച്ചില്‍ കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. വിവരിക്കാനാകാത്ത വിധത്തിലുള്ള വേദനയാണ് കുഞ്ഞ് അനുഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles