കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് സീരിയല്‍ താരങ്ങള്‍ മരിച്ചത്. തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണു മരിച്ചത്. തെലങ്കാനയിലെ വികാരാബാദിലുണ്ടായ വാഹനാപകടത്തില്‍ ഡ്രൈവര്‍ക്കും സഹയാത്രികനും പരുക്കേറ്റിരുന്നു.

കഴിഞ്ഞ ബുധനാഴ്‍ച നടന്ന അപകടം ഇപ്പോള്‍ വീണ്ടും വാഹന ലോകത്ത് ചര്‍ച്ചയാകുകയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം. എതിരെ വന്ന ട്രക്കിൽ കാര്‍ ഇടിക്കുന്നത് ഒഴിവാക്കാനായി ഡ്രൈവര്‍ വാഹനം വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഭാര്‍ഗവി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ വച്ചായിരുന്നു അനുഷയുടെ മരണം.

ഇരുവരും പിൻസീറ്റിലായിരുന്നു ഇരുന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ വാഹനത്തിന്‍റെ മുൻഭാഗം മരത്തിലിടിച്ചു പൂര്‍ണമായി തകര്‍ന്നിട്ടും ഡ്രൈവറും സഹായിയും രക്ഷപ്പെടുകയും നടിമാർ മരിക്കുകയും ചെയ്‍തതാണ് ഇപ്പോള്‍ ചര്‍ച്ച. ഇരുവരും സീറ്റ്ബെൽറ്റ് ധരിക്കാത്തതാണ് മരണകാരണമെന്നാണ് കരുതുന്നത്.

സീറ്റുബെൽറ്റ് ധരിയ്ക്കുന്നതിലൂടെ അപകടങ്ങളിലെ മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതര പരിക്കുകള്‍ 45 ശതമാനവും വരെയും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരിക്കുകള്‍ 25 ശതമാനം വരെ കുറയ്ക്കാനും സീറ്റു ബെല്‍റ്റുകളിലൂടെ സാധിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.