കൊല്ലം മുളങ്കാടകത്ത് സീരിയൽ നടിയുടെ വീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്ത കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. കള്ളനോട്ടടിക്കാനുള്ള കടലാസും അച്ചും തയാറാക്കാന്‍ സഹായിച്ചവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 12 ആയി.

ഇടുക്കി തോപ്രാംകുടി വാതല്ലൂർ ജോബിൻ ജോസഫ്്, കൊല്ലംപറമ്പിൽ റിജോ, അരുൺ മൈലിക്കുളത്ത് എന്നിവരെയാണ്് അന്വേഷണച്ചുമതലയുള്ള കട്ടപ്പന സി.ഐ.വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ മൂന്നു പേരും വിവിധ സ്ഥലങ്ങളിൽ ഡ്രൈവർമാരാണ്.അറസ്റ്റിലായ റിജോയ്ക്ക് ഇലക്ട്രിക് പണികൾ അറിയാം എന്ന് മനസിലാക്കിയ ഒന്നാം പ്രതി ലിയോ റിജോയെ കൊല്ലത്തെ നടിയുടെ വീട്ടിൽ നോട്ടു നിർമാണത്തിനായി കൂട്ടിക്കൊണ്ട് പോയിരുന്നു.

20 ദിവസം റിജോ സഹായിയി കൊല്ലത്ത് നിന്നു. കൂടുതൽ ആളുകളെ സഹായത്തിന് ആവശ്യമുണ്ടായതിനാൽ ജോബിനെയും അരുണിനെയും പിന്നീട് കൂടെ കൂട്ടുകയായിരുന്നു. കള്ളനോട്ടടിക്കാനുള്ള പേപ്പർ മുറിക്കലും അച്ച് തയാറാക്കലുമായിരുന്നു ഇവരുടെ ചുമതല. പതിനായിരം രൂപ വീതം ഇവർക്ക് കൂലി നല്‍കി .പിടിയിലായ റിജോ മുൻപും ക്രിമിനൽ കേസിൽ പ്രതിയാണ്.

സീരിയൽ നടിയും കുടുംബവും അറസ്റ്റിലായതറിഞ്ഞ് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കൂടുതൽ പ്രതികൾ കേസിൽ അറസ്റ്റിലാവാനുണ്ട്. ഇതിനിടെ നടിയുടെ അമ്മ രമാദേവിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.