രണ്ടാം ക്ലാസ്സുകാരിയുടെ ജീവനെടുത്ത് മാന്ത്രിക സീരിയല്‍; കുട്ടികളെ സീരിയല്‍ കാണിക്കുന്നവര്‍ സൂക്ഷിക്കുക

by News Desk 1 | November 29, 2017 3:08 pm

ബംഗളൂരു: കുട്ടികളെ സീരിയല്‍ കാണാന്‍ അനുവദിക്കുമ്പോള്‍ അവ കുട്ടികളുടെ മനസ്സിനെ എത്ര മാത്രം സ്വാധീനിക്കുന്നു എന്നതിന് തെളിവായി രണ്ടാം ക്ലാസുകാരിക്ക് സംഭവിച്ച ദുരന്തം. ഒരു കന്നഡ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന നന്ദിനി എന്ന മാന്ത്രിക സീരിയല്‍ കണ്ട രണ്ടാം ക്ലാസ്സുകാരി പ്രാര്‍ത്ഥന (7 വയസ്സ്) യാണ് സീരിയല്‍ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച് മരണത്തിന് കീഴടങ്ങേണ്ടി വന്നിരിക്കുകയാണ്. നന്ദിനി സീരിയലിലെ കഥാപാത്രം ചെയ്തത് പോലെ തീ കൊളുത്തിയ ശേഷം കെടുത്താന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ വന്നതാണ് കുട്ടിയുടെ മരണത്തിന്‌ കാരണമായത്.

ദേവനാഗരി ജില്ലയിലെ സെന്റ്‌ മേരീസ് കോണ്‍വെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരണമടഞ്ഞത്. നവംബര്‍ പതിനൊന്നിന് നടന്ന സംഭവമാണെങ്കിലും പുറംലോകത്ത് വാര്‍ത്ത അറിയുന്നത് വൈകിയാണ്. തീ പിടിച്ചാല്‍ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് അറിവില്ലാതെയാവാം കുട്ടി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് എന്ന് പോലീസ് പറയുന്നു. കുട്ടികളെ സമീപമിരുത്തി ഇത്തരം സീരിയലുകള്‍ കാണുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പായിരിക്കുകയാണ് പ്രാര്‍ത്ഥനയുടെ മരണം.

Source URL: http://malayalamuk.com/seriel-taken-the-life-of-seven-year-old/