ദിനേശ് വെള്ളാപ്പള്ളി

ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയേറെ പുരോഗമിച്ച ഒരു സംസ്ഥാനമാണ് കേരളം. അതിന് പ്രവാസി സമൂഹം നല്‍കിയ സംഭാവന വളരെ വലുതാണ്. എന്നാല്‍ കേരളത്തിലെ ആദിവാസി ജനസമൂഹം ഇന്നും ആരാലും ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകന്ന് കഴിഞ്ഞുകൂടുന്നു. ഇവരുടെ ജീവിതത്തിലേക്ക് കൈത്തിരി വെളിച്ചവുമായി കടന്നുചെല്ലാനുള്ള ദൗത്യമാണ് സേവനം യുകെ ഏറ്റെടുത്തിരിക്കുന്നത്.

‘അവനവനാത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം’, ഗുരുദേവന്റെ ഈ വാക്കുകള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി മാറ്റിക്കൊണ്ടാണ് സേവനം യുകെ പ്രവര്‍ത്തനപഥം തെളിയിക്കുന്നത്. ആരാധനാലയങ്ങള്‍ക്കായി കോടികള്‍ മുടക്കി അവിടെ ദൈവത്തെ തേടിയെത്തിയാല്‍ ഒരുപക്ഷെ ദൈവം കാണില്ല. മറിച്ച് ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനില്ലാതെ കാറ്റും മഴയും കൊണ്ട് ജീവിതം നയിക്കുന്ന ജനങ്ങള്‍ക്കിടയില്‍ അവര്‍ക്ക് നന്മ ചെയ്യുമ്പോള്‍ മുഖത്ത് വിരിയുന്ന പുഞ്ചിരിയില്‍, നമ്മുടെ മനസ്സില്‍ നിറയുന്ന സംതൃപ്തിയിലാണ് ദൈവം വസിക്കുന്നത്.

ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്റെ പൂങ്കാവനങ്ങളില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലിന് കീഴില്‍ വരുന്ന വനാന്തരങ്ങളില്‍ കഴിഞ്ഞുവരുന്ന ആദിവാസി സമൂഹമാണ് മലൈ പണ്ടാര. തീര്‍ത്തും ദയനീമായ അവസ്ഥയില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടി മഴയും, വെയിലുമേറ്റ് കാട്ടുമൃഗങ്ങളുടെ ഭീഷണി നേരിട്ട് ജീവിക്കുന്ന മലൈ പണ്ടാര വിഭാഗത്തിന്റെ ആദിവാസി ഊരില്‍ വൈദ്യുതി പോലും കടന്നുചെന്നിട്ടില്ല. ഒരു നേരത്തെ ഭക്ഷണം പോലും കിട്ടുമെന്ന് ഉറപ്പില്ലാതെ മാറിയുടുക്കാന്‍ വസ്ത്രമില്ലാതെ ഒരു സമൂഹം ഈ കേരളത്തില്‍ നരകയാതന അനുഭവിക്കുന്നു.

പഠിക്കുന്ന കുട്ടികളും, കുരുന്ന് കുട്ടികളും, ഗര്‍ഭിണികളും ഈ അവസ്ഥയില്‍ ഇവിടെ കഴിഞ്ഞുകൂടുന്നു. അധികൃതരുടെയൊന്നും ശ്രദ്ധയില്‍പെടാതെ പോകുന്ന ഈ വിഭാഗത്തിന് ഒരു കൈസഹായം എത്തിക്കുകയാണ് സേവനം യുകെ. പത്തനംതിട്ട ജില്ലാ കളക്ടര്‍, വനംവകുപ്പ്, പോലീസ് എന്നിവരുടെ പ്രത്യേക അനുമതി നേടിയ ശേഷമാണ് സേവനം യുകെ ഈ ദൗത്യത്തിനായി കാട്ടിലേക്ക് കടന്നുചെല്ലുന്നത്. ഫെബ്രുവരി 7നാണ് ആദിവാസി ഊരില്‍ സേവനം യുകെയുടെ ദൗത്യത്തില്‍ ഒരു നാഴികക്കല്ല് പൂര്‍ത്തിയാകുന്നത്.

ആദിവാസി ഊരിലുള്ള ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവസ്തുക്കള്‍ മുതല്‍ വസ്ത്രങ്ങളും, കുട്ടികള്‍ക്ക് പഠിക്കാന്‍ സഹായകരമാകുന്ന സൗരോര്‍ജ്ജ വിളക്കുകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയും സേവനം യുകെ നല്‍കും. കാട്ടിലൂടെ കീലോമീറ്ററുകള്‍ ചുമന്ന് നടന്ന് വേണം ആദിവാസി ഊരിലേക്ക് എത്താന്‍. നാട്ടിലുള്ള സേവനം യുകെ കണ്‍വീനര്‍ സാന്നിധ്യത്തില്‍ പമ്പ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. വിജയന്‍ വിതരണ ഉത്ഘാടനം നിര്‍വഹിക്കും. ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുകയാണ് ദൈവാനുഗ്രഹത്തിലേക്കുള്ള യഥാര്‍ത്ഥ വഴി. പാവപ്പെട്ട ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ സൗകര്യം ഒരുക്കുന്നത് മൂകാംബിക ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറിയുമായ വിനു വിശ്വനാഥനാണ്.