ദിനേശ് വെള്ളാപ്പള്ളി

ഡെര്‍ബി : ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധര്‍മ്മ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ക്ക് ഹീത്രൂവില്‍ ‘ സേവനം യുകെ’ യുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ഗുരുദേവ ദര്‍ശനങ്ങള്‍ നെഞ്ചിലേറ്റിയ സേവനം യുകെയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഗുരുപ്രസാദ് സ്വാമികള്‍ പ്രത്യേക ക്ഷണപ്രകാരം യുകെയിൽ എത്തിയിരിക്കുന്നത്. മെയ് 21ന് ഡെര്‍ബി ഗീതാഭവന്‍ ഹാളാണ് ഈ ആഘോഷങ്ങള്‍ക്ക് വേദിയാവുക. ഗുരുദേവന്‍ മുന്നോട്ട് വെച്ച വിശ്വമാനവീകതയുടെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി സേവന മനോഭാവത്തോടെ ചുറ്റുമുള്ള സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് സേവനം യുകെ. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധര്‍മ്മ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉത്ഘാടനം നിര്‍വ്വഹിക്കും. യുകെയിലെ സീറോ മലബാര്‍ സഭ മതബോധന ഡയറക്ടര്‍ ഫാ. ജോയ് വയലില്‍ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഓരോരുത്തരും ഒരു ദൗത്യവുമായിട്ടാണ് ഈ ലോകത്ത് ജനിച്ചു വീഴുക. അത്തരത്തില്‍ മനുഷ്യരാശിയ്ക്ക് ഗുരുദേവ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ അവരുടെ ജീവിതത്തെ ഉണര്‍വോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു മാര്‍ഗ്ഗദര്‍ശിയായി വര്‍ത്തിക്കുന്ന വ്യക്തിയാണ് ശ്രീ ഗുരുപ്രസാദ് സ്വാമികള്‍. ശിവഗിരി മഠത്തില്‍ 1990ല്‍ എത്തിയതിന് ശേഷം ഏഴു വര്‍ഷത്തെ ബ്രഹ്മവിദ്യ പഠനം, 97ല്‍ സന്യാസം സ്വീകരിച്ചു. പിന്നീട് ഹിമാലയത്തിലും ഗംഗോത്രിയിലും ഭിക്ഷാടനവുമായി കുറേക്കാലം. ശേഷം യൂറോപ്പിലും ആസ്യട്രിയയിലും അടക്കം പല രാജ്യങ്ങളില്‍ യാത്ര ചെയ്തു. അമേരിക്കയില്‍ ഒന്നരവര്‍ഷകാലം കാലിഫോര്‍ണിയയിലെ ആശ്രമത്തിലുണ്ടായിരുന്നു. ശിവഗിരി മഠത്തിലെ തീര്‍ത്ഥാടനത്തിന്റെ 75ാം വര്‍ഷം ഡല്‍ഹിയില്‍ വിഞ്ജാന്‍ ഭവനില്‍ പാര്‍ലമെന്റ് നടത്തിയപ്പോള്‍ ചുക്കാന്‍ പിടിച്ചതും സ്വാമികളാണ്. വത്തിക്കാനില്‍ തുടങ്ങി പത്തു യൂറോപ്യന്‍ രാജ്യങ്ങളില്‍ ധര്‍മ്മ പ്രചരണത്തിന്റെ ഭാഗമായി പോകുകയും പോപ്പിനെ സന്ദര്‍ശിക്കുകയും ചെയ്തു.

2012ല്‍ ദലൈലാമയെ ശിവഗിരിയില്‍ ക്ഷണിക്കുന്നതും അദ്ദേഹത്തിന്റെ നിയോഗമായിരുന്നു. നരേന്ദ്രമോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ശിവഗിരിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരാന്‍ സ്വാമികള്‍ക്ക് കഴിഞ്ഞു. 36 രാജ്യങ്ങളില്‍ ധര്‍മ്മ പ്രചരണവും യോഗ ഗുരുവിന്റെ ദര്‍ശനവുമായി ബന്ധപ്പെട്ട് പരിപാടികളില്‍ യാത്ര ചെയ്തിട്ടുണ്ട്. ശിവഗിരി മഠത്തിന്റെ പത്തു വര്‍ഷമായി ധര്‍മസംഘത്തിന്റെ എക്‌സിക്യൂട്ടീവ് മെമ്പറാണ്. ശിവഗിരി മഠത്തിന്റെ ആത്മീയമായ ഉണര്‍വ് ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏക പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയുടെ കേന്ദ്ര ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ആറുവര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരികയാണ്.

സ്വാമിയുടെ നേതൃത്വത്തില്‍ ഗീതാഭവന്‍ ഹാളില്‍ രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ചടങ്ങുകള്‍. കുടുംബത്തിന്റെ സര്‍വ്വൈശ്യരത്തിനായി ‘ഗുരുദേവ അഷ്ടോത്തര ശതനാമാവലി മന്ത്രാര്‍ച്ചനയും’, ലോകശാന്തിക്കായി ‘ശാന്തി ഹവന ഹോമവും’ ചടങ്ങുകളുടെ ഭാഗമാണ്. രാവിലെ 9.30 മുതല്‍ 11.30 വരെയാണ് ശാന്തിഹവന മഹായജ്ഞം അരങ്ങേറുക. സേവനം യുകെയുടെ പ്രവര്‍ത്തനങ്ങളെ സാക്ഷ്യപ്പെടുത്തുന്നതാണ് ലോകശാന്തിക്കായുള്ള ഈ യജ്ഞം. 12 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ബ്രഹ്മഗിരി ഗുരുപ്രസാദ് സ്വാമികള്‍ ‘ഗുരുദര്‍ശനത്തിന്റെ അകംപൊരുള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി അനുഗ്രഹ പ്രഭാഷണം നടത്തും. 2 മണി മുതല്‍ സമ്മേളനവേദി കലാപരിപാടികള്‍ക്ക് വേദിയൊരുക്കും. 3 മണി മുതല്‍ ഗുരുപ്രസാദ് സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുടുംബ ഐശ്വര്യ പൂജയും നടക്കും. 

ശ്രീനാരയണീയരെ സംബന്ധിച്ച് മറക്കാനാകാത്ത നിമിഷങ്ങളായിരിക്കും ഇതെന്നും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചെന്നും സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കലും കണ്‍വീനര്‍ ശ്രീകുമാര്‍ കല്ലിട്ടത്തിലും വ്യക്തമാക്കി. 

വാര്‍ഷികാഘോഷ വേദിയില്‍ ചാരിറ്റി സ്റ്റാളുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സേവനം യുകെ വനിതാ സംഘം കണ്‍വീനര്‍ ഹേമ സുരേഷ് അറിയിച്ചു. ഉപഹാര്‍ സേവനം യുകെയുമായി ചേര്‍ന്ന് ആഘോഷങ്ങളിൽ പങ്കെടുക്കുന്നവര്‍ക്കായി സ്റ്റെംസെല്‍ ഡൊണേഷനുള്ള രജിസ്‌ട്രേഷന്‍ ഒരുക്കിയിട്ടുണ്ടെന്ന് വൈസ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ശശിധരന്‍, ജോ.കണ്‍വീനര്‍ വേണു ചാലക്കുടി എന്നിവര്‍ അറിയിച്ചു. യുകെയിലെ വിദൂര സ്ഥലങ്ങളില്‍ നിന്നും തലേദിവസം ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തുന്ന ഗുരുദേവ വിശ്വാസികള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കുടുംബ യൂണിറ്റ് കോഡിനേറ്റർ പ്രമോദ് കുമരകം വ്യക്തമാക്കി. ഗുരുദേവ ദര്‍ശങ്ങളുടെ വിളംബരമായി സേവനം യുകെയുടെ വാര്‍ഷികാഘോഷങ്ങള്‍ മാറ്റാന്‍ ശ്രീനാരയണീയര്‍ ഒരുങ്ങി കഴിഞ്ഞു.