ദിനേശ് വെള്ളാപ്പിള്ളി

ബ്രിട്ടനിലെ മലയാളി സമൂഹത്തിന് സേവനം യുകെ നല്‍കുന്ന കലയുടെ കൈനീട്ടം വിഷുനിലാവ് ഏപ്രില്‍ 14ന് ഗ്ലോസ്റ്ററില്‍ അരങ്ങേറും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.നാടിന്റെ ആഘോഷങ്ങള്‍ സമ്പൂര്‍ണ്ണമാകണമെങ്കില്‍ നാവില്‍ ആ നാടന്‍ രൂചികള്‍ കൂടി തേടിയെത്തിയേ തീരൂ. മലയാളക്കരയുടെ കൃഷിയുത്സവമായ വിഷുവിന്റെ ആഘോഷം സേവനം യുകെ ‘വിഷുനിലാവ്’ സംഗീത-നൃത്ത സന്ധ്യയായി ആഘോഷിക്കുമ്പോള്‍ നാവില്‍ നാടിന്റെ രുചിപ്പെരുമ വിളയാടും. ഇതിനായി സേവനം യുകെ ടീം വേദിക്കരികിലായി തനിനാടന്‍ രുചിവിഭവങ്ങള്‍ വിളമ്പുന്ന തട്ടുകടയാണ് ഒരുക്കുന്നത്. കേരളക്കരയില്‍ നിന്നുമുള്ള സ്വാദിഷ്ടമായ വിഭവങ്ങളാണ് ഇവിടെ ലഭ്യമാക്കുക.

നാട്ടിലെ രുചിയേറിയ വിഭവങ്ങളോര്‍ക്കുമ്പോള്‍ നാവില്‍ കൊതിയൂറുന്നത് സ്വാഭാവികം. നാടന്‍ കപ്പയും മീന്‍കറിയും ചിക്കന്‍കറിയും വടയുമൊക്കെ മനസില്‍ നൊസ്റ്റാള്‍ജിയ നിറയ്ക്കുന്ന സ്വാദാണ്. ആ സ്വാദിലേക്ക് ഒരിക്കല്‍ കൂടി പോകാം. സേവനം യുകെയുടെ വിഷുനിലാവ് പരിപാടി ആസ്വദിക്കാനെത്തുന്നവര്‍ക്ക് തട്ടുകടയിലെ രുചിയുമറിയാം. ചിക്കനും ചിപ്സും ഉഴുന്നുവടയും പരിപ്പുവടയും ഇടിയപ്പവും മട്ടന്‍കറിയും ഫ്രൈഡ്റൈസും ചിക്കന്‍കറിയും കപ്പ ബിരിയാണിയും മിതമായ നിരക്കില്‍ ലഭിക്കുന്നതാണ്.

വിഷുനിലാവിന്റെ പ്രധാന സ്പോണ്‍സേഴ്സ് ഇവരാണ്

മലയാളികള്‍ക്ക് സുപരിചിതമായ പ്രമുഖ മോര്‍ട്ട്‌ഗേജ് – ഇന്‍ഷുറന്‍സ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫൈനാന്‍ഷ്യല്‍സ് ലിമിറ്റഡ് ആണ് വിഷു നിലാവിന്റെ മുഖ്യ സ്‌പോണ്‍സര്‍, മലയാളികളുടെ സ്വന്തം മുത്തൂറ്റ് ഫിനാന്‍സിയേഴ്സ്,
മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ വെസ്റ്റേണ്‍ യൂണിയന്‍, ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ റോസ്റ്റര്‍ കെയര്‍, പ്രമുഖ ട്രാവല്‍ കമ്പനിയായ ടൂര്‍ ഡിസൈനേഴ്സ് എന്നിവരാണ് മറ്റ് സ്പോണ്‍സേഴ്സ്.