ജെറമി കോര്‍ബിന്റെ നേതൃത്വത്തിനെതിരെ ലേബര്‍ പാര്‍ട്ടിയില്‍ കലാപം. ബ്രെക്‌സിറ്റ്, സെമിറ്റിസം തുടങ്ങിയവയില്‍ കോര്‍ബിന്റെ സമീപനത്തിനെതിരെയാണ് പാര്‍ട്ടിയംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. കോര്‍ബിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഏഴ് ലേബര്‍ എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ചുക ഉമുന്ന, ലൂസിയാന ബര്‍ഗര്‍, ക്രിസ് ലെസ്ലി, ആന്‍ജല സ്മിത്ത്, മൈക്ക് ഗേപ്‌സ്, ഗാവിന്‍ ഷൂക്കര്‍, ആന്‍ കോഫി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ലേബര്‍ പാര്‍ട്ടി സെമിറ്റിക് വിരുദ്ധമായി മാറിയിരിക്കുകയാണെന്നും തുടരുന്നതില്‍ നാണക്കേട് തോന്നുകയാണെന്നും ലൂസിയാന ബര്‍ഗര്‍ പറഞ്ഞു. അതേസമയം എംപിമാരുടെ നിലപാട് നിരാശാജനകമാണെന്ന് കോര്‍ബിന്‍ പ്രതികരിച്ചു. 2017ലെ തെരഞ്ഞെടുപ്പില്‍ ലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിച്ച നയങ്ങള്‍ തുടരാന്‍ ബുദ്ധിമുട്ടായിരിക്കുകയാണെന്നും കോര്‍ബിന്‍ പറഞ്ഞു.

എംപിമാരുടെ നടപടിയെ ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണലും വിമര്‍ശിച്ചു. പുറത്തു പോകുന്നവര്‍ എംപി സ്ഥാനം കൂടി ഉപേക്ഷിക്കുന്നതായിരുന്നു മര്യാദയെന്നും ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചുവേണം ഇവര്‍ പാര്‍ലമെന്റില്‍ തിരികെയെത്താനെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പേര്‍ പാര്‍ട്ടി വിട്ടത് ആഘോഷിക്കുന്നത് കടുത്ത ഇടതുപക്ഷക്കാര്‍ നിര്‍ത്തണമെന്നായിരുന്നു പാര്‍ട്ട് ഡെപ്യൂട്ടി ലീഡറായ ടോം വാട്ട്‌സണ്‍ ഫെയിസ്ബുക്ക് വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടത്. രോഷം പ്രകടിപ്പിക്കാനോ വിജയാഘോഷം നടത്താനോ ഉള്ള അവസരമല്ല ഇതെന്നും പകരം ഖേദിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. വിട്ടുപോയവരുടെ വഞ്ചനയെക്കുറിച്ചുള്ള വിവരണങ്ങളും അവരെ ആക്ഷേപിക്കുന്നതും ചിലര്‍ക്ക് താല്‍ക്കാലികമായ ആശ്വാസം നല്‍കിയേക്കും. എന്നാല്‍ നമ്മുടെ മികച്ച സഹപ്രവര്‍ത്തകര്‍ വിട്ടു പോയതിന്റെ കാരണമാണ് അന്വേഷിക്കേണ്ടതെന്ന് വാട്ട്‌സണ്‍ പറഞ്ഞു.

സെമിറ്റിസിസത്തിലുള്ള പാര്‍ട്ടി സമീപനത്തില്‍ ഒരു മുന്നറിയിപ്പാണ് ലൂസിയാന ബര്‍ഗറുടെ രാജി. നമുക്ക് ഒരു പ്രശ്‌നമുണ്ടെന്ന് അംഗീകരിക്കുന്നതില്‍ വലിയ കാലതാമസമാണ് ഉണ്ടാകുന്നത്. അത് പരിഹരിക്കാന്‍ അതിലും സമയം വേണ്ടി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധന വേണമെന്ന പക്ഷക്കാരാണ് രാജിവെച്ച എംപിമാര്‍. ഇവര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നില്ലെന്നാണ് വിവരം. പാര്‍ലമെന്റില്‍ സ്വതന്ത്ര ഗ്രൂപ്പായി തുടരാനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്.