ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ഇംഗ്ലണ്ട് : പ്രൈമറി സ്കൂൾ കുട്ടികളിൽ അമിതവണ്ണം പ്രധാന പ്രശ്നമാകുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇത് ഉയർന്ന നിരക്കിൽ എത്തിയെന്നു റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു. 10 -11 വയസുള്ള കുട്ടികളിലാണ് അമിതവണ്ണം കൂടുതലായി കണ്ടുവരുന്നത്‌. ഇംഗ്ലണ്ടിലെ 4.4% കുട്ടികൾക്ക് ശരീരഭാരം കുറയ്ക്കാൻ വൈദ്യസഹായം ആവശ്യമാണെന്നും കണ്ടെത്തുകയുണ്ടായി. തുടർച്ചയായ നാലാം വർഷമാണ് ഇത്തരം ഉയർന്ന നിരക്ക് ഇംഗ്ലണ്ടിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. 34.3% കുട്ടികൾ അമിതവണ്ണം ബാധിച്ചവരാണ്. 4-5 വയസുള്ള കുട്ടികളിൽ അമിതവണ്ണത്തിന്റെ നിരക്ക് 22.6% ആയി ഉയർന്നു.

 

ഈയൊരു പ്രശ്നത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. കുട്ടികൾ കഴിയ്ക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ 20% പഞ്ചസാരയും കലോറിയും കുറയ്ക്കണമെന്നാണ് പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ടിൻെറ നിർദ്ദേശം . എന്നാൽ ഇത് ഭക്ഷ്യവ്യവസായത്തിന് വെല്ലുവിളിയാണെന്നും അവർ കൂട്ടിച്ചേർത്തു. രണ്ട് വർഷത്തിനിടയിൽ ഭക്ഷ്യ കമ്പനികൾ 5% പഞ്ചസാര കുറയ്ക്കുകയുണ്ടായി. അമിതവണ്ണമുള്ള കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളും ആത്‌മവിശ്വാസക്കുറവും അവരെ ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നു. സർക്കാരിന്റെ അമിതവണ്ണ പദ്ധതി, ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ കുടുംബങ്ങളെ സഹായിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി ജോ ചർച്ചിൽ പറഞ്ഞു. അമിതവണ്ണം നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും അതിനാൽ ഈ പ്രശ്നം പരിഹരിക്കാൻ നാം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റിന്റെ (ഒ.ഇ.സി.ഡി ) ഭാഗമായുള്ള രാജ്യങ്ങളിലെ അമിതവണ്ണത്തിന്റെ നിരക്ക് പരിശോധിച്ചതിലൂടെയാണ് ഈ കണക്കുകൾ പുറത്തുവന്നത്. അടുത്ത 30 വർഷത്തിനുള്ളിൽ ഒ.ഇ.സി.ഡി രാജ്യങ്ങളിൽ അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിക്കുമെന്നും ഇതുമൂലം ആയുർദൈർഘ്യം മൂന്ന് വർഷം വരെ കുറയുമെന്നും പറയപ്പെടുന്നു. 36 ഒ.ഇ.സി.ഡി രാജ്യങ്ങളിൽ 34 എണ്ണത്തിലും പകുതിയിലധികം ജനങ്ങൾ അമിതഭാരമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.