ലണ്ടന്‍: ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ്. നാല് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ബന്ധങ്ങളെക്കുറിച്ചും സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രായത്തിന് അനുസൃതമായി ലൈംഗികതയെക്കുറിച്ചുള്ള പാഠങ്ങളും നല്‍കാനാണ് പദ്ധതി. നിലവിലുള്ള പാഠ്യപദ്ധതി കാലഹരണപ്പെട്ടതാണെന്നും ചെറുപ്പക്കാര്‍ ഇപ്പോള്‍ നേരിടുന്ന ഭീഷണികള്‍ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളവയല്ലെന്നും എംപിമാരും ചാരിറ്റികളും മാസങ്ങളായി നടത്തിയ ക്യാംപെയിനിംഗിന്റെ ഫലമായാണ് പുതിയ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ലോക്കല്‍ അതോറിറ്റികള്‍ക്ക് കീഴിലല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ലൈംഗിക വിദ്യാഭ്യാസം തങ്ങളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ബയോളജി മാത്രമായിരുന്നു ഇവര്‍ പഠിപ്പിക്കാന്‍ തയ്യാറായിരുന്നത്. പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം അനുസരിച്ച് ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കും. ഓണ്‍ലൈന്‍ പോര്‍ണോഗ്രഫിയുടെ അപകടങ്ങള്‍, ലൈംഗികാധിക്ഷേപം, ലൈംഗിക മെസേജിംഗ് തുടങ്ങിയവ ഉള്‍പ്പെടുന്ന പാഠങ്ങളായിരിക്കും സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടി വരിക.

2000ത്തിലാണ് സ്റ്റാറ്റിയട്ടറി ഗൈഡന്‍സ് ഫോര്‍ റിലേഷന്‍ഷിപ്പ് ആന്‍ഡ് സെക്‌സ് എജ്യുക്കേഷന്‍ എന്ന പേരില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കിയത്. എന്നാല്‍ ഇത് ഇപ്പോള്‍ കാലഹരണപ്പെട്ടതായി ഗ്രീനിംഗ് പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയെങ്കിലും കുട്ടികളെ ഈ ക്ലാസുകളില്‍ ഇരുത്താതിരിക്കാനുള്ള രക്ഷിതാക്കളുടെ അവകാശം നിലനിര്‍ത്തിയിട്ടുണ്ട്. അധ്യപനം ഏതു തരത്തില്‍ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്.