സഹപാഠിയുടെ ജീവന്‍ രക്ഷിക്കാന്‍ എസ് എഫ് ഐയും കെ എസ് യുവും കൈകോര്‍ത്തു. ഇരുവൃക്കകളും തകരാറിലായി ജീവനോട് മല്ലിടുന്ന കെ എസ് യു പ്രവര്‍ത്തകനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വൃക്ക വാഗ്ദാനം ചെയ്ത് മുന്‍ എസ് എഫ് ഐ നേതാവ്. ചികിത്സ ചെലവിനായി കെ എസ് യുവിനോടൊപ്പം എസ് എഫ് ഐയും സജീവമായി രംഗത്തിറങ്ങി. ആലപ്പുഴ കായംകുളത്ത്നിന്നാണ് വാര്‍ത്ത.

ജവഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കായംകുളം കെ എസ് യു ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തില്‍ മുഹമ്മദ് റാഫി(22)യാണ് ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായി ചികിത്സ തേടുന്നത്. സംഭവം അറിഞ്ഞതോടെ ഇടുക്കി എസ്എഫ്ഐ ജില്ല കമ്മിറ്റിയും കരുനാഗപള്ളി ഏരിയ കമ്മിറ്റിയും സഹായവാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു. ഇരു കമ്മിറ്റികളും ഫേസ്ബുക്കിലൂടെ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചു. റാഫി തലയില്‍ കെ എസ് യു ബാന്‍ഡ് അണിഞ്ഞ ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

കായംകുളം എംഎസ്എം കോളജിലെ മുന്‍ എസ്എഫ്ഐ ചെയര്‍മാന്‍ ഇ. ഷാനവാസാണ് വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കണ്ണൂര്‍ സ്വദേശി രഞ്ജിത്ത്, തിരുവനന്തപുരം സ്വദേശി അജു എന്നിവരും വൃക്ക ദാനത്തിന് സന്നദ്ധതയറിയിച്ചു.

ചികിത്സ സഹായത്തിന് പ്രവര്‍ത്തകരില്‍നിന്ന് പണം കണ്ടെത്തുമെന്ന് കരുനാഗപ്പള്ളി ഏരിയകമ്മിറ്റി അറിയിച്ചു. വാടക വീട്ടിലാണ് റാഫിയുടെയും കുടുംബത്തിന്‍റെയും താമസം. ഉമ്മ റയിഹാനത്തിനെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോകുന്നത്.