ഷിബു മാത്യൂ
നിങ്ങളുടെ സ്വകാര്യ രഹസ്യം എന്തിന് ഒരു സമൂഹത്തെ അറിയ്ക്കുന്നു? ഒരമ്പലത്തിലും സ്ത്രീകള്‍ക്ക് ഇത് ആര്‍ത്തവകാലമാണോ എന്ന് കണ്ടുപിടിക്കുന്ന യന്ത്രങ്ങള്‍ ഇതുവരെയും സ്ഥാപിച്ചിട്ടില്ല . നിങ്ങള്‍ പറയാതെ ഒരാളും ഇതറിയാനും പോകുന്നില്ല. ധൈര്യമായി നിങ്ങള്‍ അമ്പലത്തിലേക്ക് പോവുക. എന്നിട്ട് എന്താണ് അവിടെ സംഭവിക്കുന്നതെന്ന് നോക്കുക. ഒന്നും സംഭവിക്കില്ല.! നിങ്ങളെ കണ്ട് ദൈവം ഇറങ്ങിയോടുകയോ ശപിച്ച് ഭസ്മമാക്കുകയോ ചെയ്യില്ല. എങ്കില്‍പ്പിന്നെ സമൂഹം ഞങ്ങളെ പരസ്യമായി മാറ്റി നിര്‍ത്തുന്നത് എന്തിന് എന്ന് നിങ്ങള്‍ അമര്‍ഷത്തോടെ ചോദിക്കുന്നത് എന്തുകൊണ്ട്?

നിങ്ങളോടുള്ള ഈ സമൂഹത്തിന്റെ സ്‌നേഹവും ബഹുമാനവുമാണ് ഈ മാറ്റി നിര്‍ത്തലിനു കാരണം. അത് തിരിച്ചറിയേണ്ട കാലഘട്ടത്തിലാണ് നിങ്ങള്‍ ജീവിക്കുന്നത് എന്ന് നിങ്ങള്‍ മനസ്സിലാക്കണം.
അതുകൊണ്ടുതന്നെയാണ്, സ്ത്രീ ഭൂമിയെ സ്പര്‍ശിച്ച കാലം മുതലേ അവര്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ സമൂഹം സ്‌നേഹത്തോടെ , കരുതലോടെ അവര്‍ക്ക് ഈ ദിവസങ്ങളില്‍ വീടുകളില്‍ വിശ്രമം അനുവദിച്ചിരുന്നത്. പതിവില്‍ കൂടുതല്‍ ചൂടുള്ള ശരീരവുമായി അസ്വസ്ഥതയോടെ ഇരിക്കുന്ന സ്ത്രീകള്‍ക്ക് ഈ സമയത്ത് വീട്ടിലുള്ള മറ്റുള്ളവരുടെ ശല്ല്യം ഉണ്ടാകാതിരിക്കാന്‍ ഒറ്റക്ക് ഒരു മുറിയിലേക്ക് മാറ്റിയിരുത്തിയതും , പ്രത്യേകം പാത്രങ്ങളില്‍ ഭക്ഷണം കൊടുത്തിരുന്നതും , പ്രത്യേകം പായയില്‍ കിടത്തി ഉറക്കിയതുമൊക്കെ. ശാസ്ത്രീയമായ കണ്ടെത്തലുകളേക്കാള്‍ മുകളിലാണ് സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍. ആ യാഥാര്‍ത്ഥ്യങ്ങളുടെ ആകെ തുക സ്ത്രീകളെ, നിങ്ങളോടുള്ള സ്‌നേഹവും ബഹുമാനമാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കണം. അല്ലാതെ ഈ സമയത്ത് നിങ്ങളെ നികൃഷ്ട ജീവികളായും ഭ്രഷ്ട് കല്പിച്ചവരുമായി ഒരു സമൂഹവും കാണുന്നില്ല.

ഇനി ഒന്നു ചോദിക്കട്ടെ.?
ഇങ്ങനെ അസ്വസ്ഥതയോടെ ഇരിക്കുന്ന നിങ്ങള്‍ക്ക് ഒരമ്പലത്തില്‍ പോയാല്‍ എങ്ങനെയാണ് സമാധാനത്തോടെ , സംതൃപ്തിയോടെ , ഏകാഗ്രമായി പ്രാര്‍ത്ഥിക്കാന്‍ കഴിയുക? നിങ്ങളുടെ വിശ്വാസത്തിലെ ദൈവത്തെ കാണാന്‍ കഴിയുക? വെള്ളിയാഴ്ച്ച എന്റെ അടുത്ത് നിര്‍ബന്ധമായും വരണമെന്നും വന്നില്ലെങ്കില്‍ ശപിക്കുമെന്നും കാവിലമ്മ നിങ്ങളോടാരോടെങ്കിലുംപറഞ്ഞിട്ടുണ്ടോ….?ശനിയാഴ്ച്ചകളില്‍ അമ്പലത്തില്‍ വരണമെന്നും വന്നില്ലെങ്കില്‍ നിങ്ങളുടെ മംഗല്ല്യം ഞാന്‍ നടത്തിത്തരില്ല എന്ന് ഭഗവാന്‍ കൃഷ്ണന്‍ നിങ്ങളോടാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ…? ഇനി അങ്ങനെ വല്ലതും കാവിലമ്മയും ശ്രീകൃഷ്ണനും നിങ്ങളോട് പറഞ്ഞതായി നിങ്ങള്‍ക്ക് ദര്‍ശനം കിട്ടിയിട്ടുണ്ടെങ്കില്‍ ആര്‍ത്തവ സമയത്ത് നിങ്ങള്‍ അമ്പലത്തിലേക്ക് പോകുന്നതിനെ കുറ്റം പറയാന്‍ ഒരിക്കലും അര്‍ക്കും സാധിക്കില്ല.

നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന ആദ്യ കല്പന ഒഴിച്ചാല്‍ നിര്‍ബന്ധമായും എന്നെ ഭജിക്കാന്‍ വരണമെന്ന് ഒരു ദൈവവും പറഞ്ഞതായി ഒരു വേദപുസ്തകത്തിലും കേട്ടിട്ടില്ല. ആര്‍ത്തവ സമയത്ത് സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്ന് ഒരു വേദപുസ്തകത്തിലും എഴുതിയിട്ടുമില്ല. സര്‍വ്വചരാചരങ്ങളിലും കുടി കൊള്ളുന്ന ദൈവത്തിന് ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ? യഥാര്‍ത്ഥ ഭക്തിയാണ് ക്ഷേത്ര ദര്‍ശനം കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഏതൊരാണും പെണ്ണും ക്ഷേത്ര ദര്‍ശനത്തിന് മുമ്പ് ചില ശുദ്ധികള്‍ പാലിക്കണം . മന:ശുദ്ധിയും ശരീര ശുദ്ധിയും ആചാര ശുദ്ധിയും വാക് ശുദ്ധിയും കര്‍മ്മ ശുദ്ധിയും. ഈ ശുദ്ധികള്‍ തന്നെയാണ് അടിസ്ഥാനപരമായി വിശുദ്ധ ബൈബിളും പരിശുദ്ധ ഖുറാനും പറയുന്നത്. ഈ ശുദ്ധി പാലിച്ച് അമ്പല നടയിലേയ്ക്ക് വലതു കാല് വച്ച് കയറി ഏകാഗ്രതയോടെ ഈശ്വരനെ ഭജിക്കുന്ന ഭക്തനേ അനുഗ്രഹമുണ്ടാകൂ. അവന്റെ ചിന്തയിലും പ്രവൃത്തിയിലും ആ ചൈതന്യം നിലനില്ക്കുകയും ചെയ്യും. ഈശ്വര ദര്‍ശനം കൊണ്ടുദ്ദേശിക്കുന്നതും അതുതന്നെയാണ്.

അസ്വസ്ഥതയും , ശരീരം വൃത്തിയല്ലെന്നുള്ള തോന്നലും സഹോദരനോട് ക്ഷമിക്കാതെയും അമ്പലത്തിലോ കത്തോലിക്കാ ദേവാലയത്തിലോ മുസ്ലീം പള്ളികളിലോ പോയിട്ട് എന്ത് കിട്ടാന്‍??? മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമില്ലേ ഈശ്വരന്‍? ഒന്നുകില്‍ അഞ്ച് ശുദ്ധിയുമായി ആചാരമനുസരിച്ച് ക്ഷേത്രങ്ങളില്‍ പോവുക. അതിന് കഴിയാത്ത സമയം വീട്ടിലിരുന്ന് ഈശ്വരനെ ഭജിക്കുക.

വിശുദ്ധിയില്‍ ജീവിച്ച പൂര്‍വ്വീകരുടെ കര്‍മ്മഫലംകൊണ്ട് തലമുറകള്‍ക്കായി അവര്‍ കരുതിവെച്ച പാരമ്പര്യങ്ങളേയും വിശ്വാസങ്ങളേയും പരിഗണിക്കാതെ പോകരുത്. മനസ്സാക്ഷിയില്ലാതെ…!!!
ദൈവത്തിന്റെ സ്വന്തം നാട് എന്ന് പൂര്‍വ്വികര്‍ വിശേഷിപ്പിച്ച കേരളത്തെ ദൈവത്തിന്റെ പേരില്‍ ഒരു രക്തക്കളമാക്കരുത്.
അതും സൃഷ്ടിയുടെ ഭാഗമായ പ്രകൃതിയുടെ നിയമമനുസരിച്ച്…