ടി.പി. വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി വീണ്ടും ക്വട്ടേഷനേറ്റെടുത്ത കൊടിസുനി അറസ്റ്റിലായ സംഭവത്തിൽ സർക്കാരിനെ പരിഹസിച്ച് ഷാഫി പറമ്പിൽ എംഎൽഎ. ‘മാനുഷിക പരിഗണന കൊടുത്ത് ഇനീം പരോളിൽ വിടണേ വിജയേട്ടാ’ എന്നാണ് സംഭവത്തിൽ പ്രതികരിച്ച് ഷാഫി ഫെയ്സ്ബുക്കിൽ കുറിച്ചത്. സുനിക്കൊപ്പം എന്ന ഹാഷ്ടാഗും അദ്ദേഹം പങ്കുവെച്ചു.

കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. യുവാവിന്‍റെ കൈയിൽ നിന്ന് സ്വർണ്ണം നഷ്ടമായതോടെ പണം തിരികെക്കിട്ടാൻ യുവാവിന്‍റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. മറ്റ് മൂന്ന് പേർ കൂടി ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്. കൊടി സുനി ഉൾപെടെ 20 പേർക്ക് എതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നത്.

യുവാവിന്‍റെ സഹോദരനെ വയനാട്ടിലേക്കാണ് തട്ടിക്കൊണ്ടു പോയത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു. രക്ഷപ്പെടുത്തിയിട്ടും വീട്ടിലെത്തിയും ഭീഷണി തുടർന്നു. ഇവരുടെ ഉമ്മ നൽകിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും. കൊടിസുനി ഈ സമയം പരോളിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ടി.പി വധക്കേസ് പ്രതി കുഞ്ഞനനന്തനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് കൊടിസുനി പരോളിലിറങ്ങി ക്വട്ടേഷനെടുത്ത് അറസ്റ്റിലാകുന്നത്.