സ്വന്തം ലേഖകന്‍
കൊച്ചി : കായികതാരം ബോബി അലോഷ്യസിന്റെ വിവാദ വിദേശ യാത്രകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കായിക മന്ത്രി ഇപി ജയരാജന്‍ . കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിഷയം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അന്വേഷണം നീട്ടിക്കൊണ്ടു പോയി കാലതാമസം ഉണ്ടാക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കായികതാരം ബോബി അലോഷ്യസ് കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം . ബിഎസ്സി സ്പോര്‍ട്സ് സയന്‍സ് പഠിക്കാനായാണ് കേന്ദ്രവും സംസ്ഥാനവും ഫണ്ട് നല്‍കി ബോബി അലോഷ്യസിനെ ലണ്ടനിലേക്ക് അയയ്ച്ചത് . അവിടെ എത്തിയ ബോബി അലോഷ്യസ് പഠനം നടത്താതെ ലണ്ടനില്‍ ഒരു സ്വകാര്യ സ്ഥാപനം ആരംഭിക്കുകയായിരുന്നു. മുന്‍പ് പലതവണ ഈ ആരോപണം ഉയര്‍ന്നപ്പോഴും ഇതിനെ നിരാകരിച്ച് ഇവര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍, അവര്‍ ലണ്ടനില്‍ ആരംഭിച്ച കമ്പനിയുടെ രജിസ്ട്രേഷന്‍ രേഖകള്‍ അടക്കമുള്ളവ ഇപ്പോള്‍ പുറത്ത് വന്നിരുന്നു . യുകെ സ്റ്റഡി അഡ്വൈസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഷേര്‍സ്ഷ്വറിയില്‍ ഇവര്‍ ആരംഭിച്ചത്. രേഖകള്‍ പ്രകാരം ബോബി അലോഷ്യസ് തന്നെയാണ് കമ്പനിയുടെ സെക്രട്ടറി. ഇതുവഴി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുടെ കബളിപ്പിക്കുകയും ഒരു ഉദ്യോഗസ്ഥ എന്ന നിലയില്‍ ഇവര്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തു.

2003ല്‍ 15 ലക്ഷം രൂപയാണ് കേരള സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ 34 ലക്ഷം രൂപയോളം ഇവര്‍ക്ക് നല്‍കി. ബിഎസ്സി സ്പോര്‍ട്സ് സയന്‍സ് പൂര്‍ത്തിയാക്കി തിരികെ വന്ന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം. ഇത് മറികടന്നാണ് ഇവര്‍ കമ്പനി രൂപീകരിച്ചത്. ഭര്‍ത്താവിനെ പരിശീലകന്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയത്. പിടിക്കപ്പെടുമെന്ന് ഉറപ്പാകുന്ന ഘട്ടത്തില്‍ 10 വര്‍ഷത്തിനു ശേഷം ഇവര്‍ തിരികെ എത്തുകയും ഒരു മാപ്പപേക്ഷ പോലുമില്ലാതെ സര്‍വീസില്‍ പ്രവേശിക്കുകയും ചെയ്തു.