ജോബി ജേക്കബ്

ഗ്ലാസ്‌ഗോ: ഗ്ലാസ്ഗോയില്‍ അന്തരിച്ച ഷാജന്‍ കുര്യന് യുകെ മലയാളികള്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഷാജന്‍ കുര്യന്‍റെ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഗ്ലാസ്‌ഗോയില്‍ ചടങ്ങിനെത്തിയത്. സ്‌കോട്‌ലന്‍ഡില്‍ നിന്ന് മാത്രമല്ല, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇന്നലെ യാത്രയേകാന്‍ എത്തിയത്. സീറോ മലബാര്‍ രൂപതാ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലും, വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ഉള്‍പ്പെടെ നിരവധി വൈദികരും പ്രാര്‍ത്ഥനയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും കാര്‍മ്മികത്വം വഹിച്ചു.

ഏകദേശം മൂന്ന് മണിയോടെ തന്നെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്ന സെന്റ്‌ ബര്‍നാര്‍ഡ്‌ പള്ളിയില്‍ നിരവധി ആളുകള്‍ എത്തി ചേര്‍ന്നിരുന്നു. നാലു മണിയോടെ ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് എത്തിയപ്പോഴേക്കും പള്ളിയും പരിസരവും നിറഞ്ഞിരുന്നു. പ്രസ്റ്റണില്‍ നിന്നും ബിഷപ്പെത്താന്‍ താമസിച്ചതിനാല്‍ അഞ്ചരയോടെയാണ് ദേവാലയത്തിലെ ചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന് ഏഴരവരെ പൊതു ദര്‍ശനം നടത്തി.

പിതാവിന്റെ വിയോഗത്തെ കുറിച്ച നാലു കുഞ്ഞുങ്ങളും വേദന പങ്കുവച്ചു. പിതാവിന്റെ സ്‌നേഹവും കെയറിങ്ങും തങ്ങള്‍ക്ക് മിസ് ചെയ്യുമെന്ന് കുട്ടികള്‍ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു. മക്കളായ ആര്‍ഷ, ആഷ്‌നി, ആദര്‍ശ്, അമിത് എന്നിവര്‍ തങ്ങളുടെ വേദന പങ്കുവച്ചു. ഷാജന്റെ ഭാര്യ ഷൈലജയെ ആശ്വസിപ്പിക്കാന്‍ ചുറ്റുമുള്ള സുഹൃത്തുക്കള്‍ ഏറെ ബുദ്ധിമുട്ടുകയായിരുന്നു.

അന്ത്യ ശുശ്രുഷ ചടങ്ങുകള്‍ക്ക് ബിഷപ് സ്രാമ്പിക്കലിന് ഒപ്പം രൂപതാ വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍, ഫാ ബിനു കിഴക്കേ ഇളംതോട്ടം, ഫാ ജോസഫ് വേമ്പാടുംതറ, ഫാ സെബാസ്റ്റ്യന്‍ തുരുത്തിപള്ളില്‍, ഫാ തോമസ്, ഫാ ജിം, ഫാ ഫാന്‍സുവ പത്തില്‍ എന്നിവര്‍ പങ്കാളികളായി. ഷാജന്റെ പത്‌നിയും കുടുംബവും ഇന്ന് നാട്ടിലേക്ക് യാത്രയാകും. വെള്ളിയാഴ്ച ഗ്ലാസ്‌ഗോയില്‍ നിന്ന് അയക്കുന്ന മൃതദേഹം ശനിയാഴ്ച നാട്ടില്‍ ബന്ധുക്കളേറ്റു വാങ്ങും. തുടര്‍ന്ന് മുട്ടുചിറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം ഞായറാഴ്ച ഉച്ചയോടെ കടുത്തുരുത്തി വലിയ ക്‌നാനായ പള്ളിയില്‍ സംസ്‌കരിക്കും. ഷാജന്റെ കുടുംബത്തോടൊപ്പം ഗ്ലാസ്‌ഗോയിലെ ഏതാനും സുഹൃത്തുക്കളും നാട്ടിലേക്ക് പോകുന്നുണ്ട് .