യുകെയിലേക്ക് തിരികെ വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘത്തില്‍ അംഗമായ ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം നഷ്ടമായേക്കും. മറ്റൊരു രാജ്യത്തിന്റെ പൗരത്വത്തിന് അര്‍ഹതയുള്ളതിനാല്‍ ബ്രിട്ടീഷ് പൗരത്വം എടുത്തു കളയാന്‍ കഴിയുമെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ അറിയിച്ചു. അധികൃതരുടെ ഈ തീരുമാനം നിരാശാജനകമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ഷമീമയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ തസ്‌നിം അകുന്‍ജി പ്രതികരിച്ചു. 2015ല്‍ 15-ാമത്തെ വയസില്‍ മറ്റു രണ്ടു പെണ്‍കുട്ടികളോടൊപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി നാടുവിട്ടതാണ് ഷമീമ. ഇപ്പോള്‍ 19 വയസുള്ള ഷമീമ നാട്ടിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഐസിസിന്റെ അവസാന കേന്ദ്രമായ ബാഗൂസില്‍ നിന്ന് പലായനം ചെയ്ത് സിറിയന്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലെത്തിയ ഷമീമയുടെ അഭിമുഖം ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു.

പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഷമീമ കുഞ്ഞിന് ജന്മം നല്‍കാനായി സ്വന്തം നാട്ടില്‍ എത്തണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. താന്‍ ഒരു ഐസിസ് പോസ്റ്റര്‍ ഗേളായി മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ കുട്ടിയെ യുകെയില്‍ വളര്‍ത്തണമെന്നാണ് ആഗ്രഹമെന്നും തിങ്കളാഴ്ച ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷമീമ പറഞ്ഞു. 1981ലെ ബ്രിട്ടീഷ് നാഷണാലിറ്റി ആക്ട് അനുസരിച്ച് പൊതുനന്മയ്ക്ക് ഉചിതം എന്ന് ഹോം സെക്രട്ടറിക്ക് ബോധ്യപ്പെട്ടാല്‍ ഒരാളുടെ പൗരത്വം എടുത്തുകളയാന്‍ സാധിക്കും. എന്നാല്‍ മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിക്കുന്നതില്‍ ഇത് തടസമാകുകയുമില്ല. തന്റെ സഹോദരിയുടെ യുകെ പാസ്‌പോര്‍ട്ടുമായാണ് താന്‍ സിറിയയിലേക്ക് യാത്ര ചെയ്തതെന്നാണ് ഷമീമ പറഞ്ഞത്. അതിര്‍ത്തി കടന്നപ്പോള്‍ അത് പിടിച്ചെടുക്കപ്പെട്ടു.

ഇവര്‍ക്ക് ബംഗ്ലാദേശി പശ്ചാത്തലമാണ് ഉള്ളതെന്ന സംശയിക്കപ്പെടുന്നത്. എന്നാല്‍ തനിക്ക് ബംഗ്ലാദേശ് പാസ്‌പോര്‍ട്ട് ഇല്ലെന്നും ആ രാജ്യത്ത് ഒരിക്കല്‍ പോലും പോയിട്ടില്ലെന്നും ഷമീമ ബിബിസിയോട് പറഞ്ഞു. ഷമീമയുടെ കുട്ടിക്കും നിലവില്‍ ബ്രിട്ടീഷ് പൗരത്വം തന്നെയാണ് ഉള്ളത്. നിയമമനുസരിച്ച് പൗരത്വം എടുത്തു കളയുന്നതിനു മുമ്പ് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം സ്വാഭാവികമായി ലഭിക്കും.