സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച് കോൺഗ്രസ് എംപി എംഐ ഷാനവാസ്. മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി എന്ന പദ  പ്രയോഗമാണ് എംപിയില്‍ നിന്നുണ്ടായത്. ജനജാഗ്രതയാത്രയ്ക്കിടയില്‍ കോടിയേരി ആഡംബര കാര്‍ ഉപയോഗിച്ചത് സംബന്ധിച്ചുണ്ടായ വിവാദത്തെക്കുറിച്ച് പറയുമ്പോഴാണ് കോടിയേരിയെ ഷാനവാസ് മാക്കാച്ചിയാക്കിയത്. ഐഎന്‍ടിയുസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയായിരുന്നു എംപിയുടെ വിവാദപരാമര്‍ശം.

എംപിയുടേത് വംശീയമായ ആക്ഷേപമാണെന്നാരോപിച്ച് സിപിഎം രംഗത്തെത്തി. എല്‍ഡിഎഫിന്റെ ജനജാഗ്രത യാത്ര കൊടുവള്ളിയില്‍ എത്തിയപ്പോള്‍ കോടിയേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കാറില്‍ കയറിയത് വലിയ വിവാദമായിരുന്നു. ഈ വിവാദ് കെട്ടടങ്ങുന്നതിനു പിന്നാലെ എംഎല്‍എമാരായ പി ടി എ റഹീമും കാരാട്ട് റസാഖും കള്ളക്കടത്ത് കേസില്‍ പ്രതിയായ അബ്ദുള്‍ ലൈസിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തായിരുന്നു. ഇതിനു പിന്നാലെ കേരളത്തിസെ സിപിഎം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി എംഎ ബേബിയും  രംഗത്ത് വന്നിരുന്നു.

കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഒന്നിലധികെ വിവാദങ്ങളിൽ  അകപ്പെട്ടിരിക്കുകയാണ് സിപിഎം. ഇതിനിടയിലാണ് സിപിഎമ്മിനെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി കോൺഗ്രസ് എംപി രംഗത്തെത്തിയിരിക്കുന്നത്. വിമര്‍ശനം പ്രോല്‍സാഹിപ്പിക്കുന്നു എന്നുപറയുമ്പോഴും അത് മറ്റുള്ളവര്‍ക്ക് നേരെ പ്രയോഗിക്കാനാണ് സിപിഎമ്മിന്റെ നേതാക്കൾക്ക് താല്‍പ്പര്യമെന്ന് എംഎ ബേബി തുറന്നടിച്ചു. പാർട്ടിയിലെ പല നേതാക്കളുടെയും ശരീര ഭാഷയും ജനങ്ങളോടുള്ള പെരുമാറ്റവും മാറണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പാലക്കാട് പറഞ്ഞിരുന്നു. ഏതെങ്കിലും തരത്തിൽ വിമർശനം നേരിടേണ്ടി വന്നാൽ പിന്നീട് ഒരു അവസരം കിട്ടിയാൽ തിരിച്ചടിക്കുന്നവരുമുണ്ട് സിപിഎമ്മിലെന്നും എംഎ ബേബി മറയില്ലാതെ പറയുന്നു.