യുവനടൻ ഷെയ്ൻ‌ നിഗമിനെതിരെ കുർബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാർ. മാങ്കുളത്ത് കുര്‍ബാനിയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷെയ്ന്‍ നിഗമുമായി ബന്ധപ്പെട്ട വിവാദം തുടങ്ങുന്നത്. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനാല്‍ ഷെയ്നിനെ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കുകപോലുമുണ്ടായി. ഷെയ്നിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരായിരുന്നു ഏറ്റവും പ്രശ്നമുണ്ടാക്കിയിരുന്നതെന്നും ദൃക്സാക്ഷികള്‍ പ്രതികരിച്ചു.

ഒരു മാസമാണ് കുര്‍ബാനിയുടെ ചിത്രീകരണത്തിനായി ഷെയ്ന്‍ മാങ്കുളത്ത് ഉണ്ടായിരുന്നത്. എന്നാല്‍ താമസസൗകര്യം ക്രമീകരിച്ചിരുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് അന്നു തന്നെ ഷെയ്നെ ഇറക്കി വിടേണ്ടിവന്നു. അത്യുച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്കു ശല്യമായതോടെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ നടനെ പുറത്താക്കിയത്.

ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു വാഹനത്തില്‍കയറ്റി മടക്കി കൊണ്ടുപോകുന്നതും നാട്ടുകാര്‍ കണ്ടു. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായ മാങ്കുളത്തിന് ഇതെല്ലാം പുതിയ കാഴ്ച്ചകളായിരുന്നു. മാങ്കുളവും, കാട്ടാനകളുടെ വിഹാരകേന്ദ്രമായ ആനക്കുളവുമെല്ലാം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളാകുമ്പോള്‍, കാട്ടിലേയ്ക്കുള്ള കടന്നുകയറ്റവും, സിനിമയുടെ മറവില്‍ വനനശീകരണവും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.