ഒന്നര വയസുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി തിയ്യല്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയ്ക്ക്(22) ജയിലില്‍ പ്രത്യേക സുരക്ഷ. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു വാര്‍ഡന് ചുമതല നല്‍കി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ കഴിയുന്ന ഡോര്‍മിറ്ററിയിലാണ് ശരണ്യയെ പാര്‍പ്പിച്ചിരിക്കുന്നത്.

ജയില്‍ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ട്. എങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗണ്‍സിലിങ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. സ്വന്തം മകളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ സൗമ്യയുടെ അനുഭവമാണ് ശരണ്യയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ഒരുക്കാന്‍ ജയില്‍ അധികൃതരെ പ്രേരിപ്പിച്ചത്.

ഇതേ ജയിലില്‍ കഴിയുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയില്‍ വളപ്പിലെ കശുമാവ് കൊമ്പില്‍ തൂങ്ങി മരിച്ചിരുന്നു. സൗമ്യയുടെ ആത്മഹത്യയ്ക്ക് കാരണം സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.