ലണ്ടന്‍: ബ്രെക്‌സിറ്റില്‍ നാം കരുതുന്നത് പോലെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണ്ണമായി ബ്രിട്ടന്‍ വിട്ടു പോകില്ലെന്ന് നിരീക്ഷണം. ഫ്രഞ്ച് അള്‍ജീരിയന്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റും അന്താരാഷ്ട്ര വിഷയങ്ങളില്‍ വിദഗ്ദ്ധയുമായ കാബില റമദാന്‍ ആണ് ഈ സൂചന നല്‍കുന്നത്. ബിബിസി ഡേറ്റ്‌ലൈനിലാണ് റമദാന്റെ പ്രവചനം. പൂര്‍ണ്ണമായ പിന്‍മാറലിനു പകരം യൂണിയനുമായുള്ള ബന്ധം പുനര്‍നിര്‍വചിക്കാനായിരിക്കും സാധ്യതയെന്ന് ഇവര്‍ വിലയിരുത്തുന്നു. ബ്രെക്‌സിറ്റ് നടപ്പിലാകുമെന്ന് പറയപ്പെടുന്ന 2019 മാര്‍ച്ചില്‍ ഒന്നും സംഭവിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

ഹിതപരിശോധനാ ഫലത്തോട് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ബ്രെക്‌സിറ്റിനായി അനുവദിച്ചിരിക്കുന്ന സമയം സംബന്ധിച്ച് സര്‍ക്കാരിനുള്ളില്‍ തന്നെ ഭിന്നത പ്രകടമാണ്. ബ്രെക്‌സിറ്റിനു വേണ്ടി ശക്തമായി വാദിച്ചിരുന്ന ജേക്കബ് റീസ് മോഗും റിമെയ്ന്‍ പക്ഷക്കാരായ ഫിലിപ്പ് ഹാമണ്ടിനെപ്പോലുള്ളവരും തമ്മില്‍ ശക്തമായ ആശയ സംഘര്‍ഷങ്ങള്‍ നിലവിലുണ്ട്. 2019 മാര്‍ച്ചില്‍ എന്തോ വലിയ സംഭവം നടക്കാനിരിക്കുന്നു എന്നാണ് ബ്രെക്‌സിറ്റ് അനുകൂലികള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒന്നും നടക്കില്ലെന്നതാണ് വാസ്തവമെന്ന് റമദാന്‍ വ്യക്തമാക്കി.

ട്രാന്‍സിഷന്‍ സമയത്ത് ഒരു കാര്യത്തിലും തീരുമാനമുണ്ടാകില്ല. നയരൂപീകരണങ്ങളില്‍ ബ്രിട്ടന്‍ വലിയ പരാജയമായി മാറും. ഇത് ബ്രെക്‌സിറ്റില്‍ ബ്രിട്ടന്‍ എത്രമാത്രം ആശയശൂന്യമായിരുന്നു എന്ന കാര്യം വെളിവാക്കും. ഇവയൊക്കെ സൂചിപ്പിക്കുന്നത് യൂണിയനുമായുള്ള ബന്ധത്തില്‍ ബ്രിട്ടന്‍ ഒരു പുനര്‍നിര്‍വചനം കൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നാണ്. ഇത് യൂണിയന്‍ വിട്ടുപോകുക എന്ന സങ്കല്‍പനത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും അവര്‍ പറഞ്ഞു.