മനുഷ്യാവകാശം എന്നൊന്നുണ്ട്. യുദ്ധമില്ലാത്ത മേഖലകളില്‍ സ്വാഭാവികമായും ഇത് പാലിക്കപ്പെടാറുമുണ്ട്. എന്നാല്‍ ചൈനയിലെ ഒരു ഓഫീസില്‍ നിന്നും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നവരെ പോലും നാണിപ്പിക്കുന്നതാണ്. ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാത്തതിനും സെയില്‍സ് ടാര്‍ജറ്റ് നേടാത്തതിനുമാണ് ചൈനയിലെ ഒരു ഹോം റിനോവേഷന്‍ കമ്പനി അതിക്രൂരമായ രീതിയില്‍ ജീവനക്കാരെ ശിക്ഷിക്കുന്നത്.

നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുന്നത് മുതല്‍ പ്രാണികളെ തീറ്റിക്കുന്നത് വരെ നീളുന്നു ശിക്ഷാവിധികള്‍. ഇതിന് പുറമെ തല മൊട്ടയടിപ്പിക്കുക, കക്കൂസിലെ പാത്രത്തില്‍ നിന്നും വെള്ളം കുടിപ്പിക്കുക, ബെല്‍റ്റിന് അടിക്കുക, ശമ്പളം ഒരു മാസത്തേക്ക് തടഞ്ഞ് വെയ്ക്കുക തുടങ്ങി പ്രാകൃതമായ ആചാരങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. മറ്റുള്ളവര്‍ക്ക് മുന്നില്‍ വെച്ച് നാണംകെടുത്തുന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോശം പ്രകടനം കാഴ്ചവെച്ചതിന് ശിക്ഷ ഏറ്റുവാങ്ങുന്ന ജോലിക്കാരാണ് ഇതെന്ന് ചൈനീസ് ദേശീയ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഗിസോ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കമ്പനിയുടെ ശിക്ഷാ നടപടികളില്‍ മനംനൊന്ത് നിരവധി ജീവനക്കാര്‍ രാജിവെയ്ക്കുന്നുണ്ട്. മറ്റ് ജീവനക്കാര്‍ നോക്കിനില്‍ക്കവെയാണ് ഈ അപമാനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതെന്ന് ഇവര്‍ പറയുന്നു. ഈ വര്‍ഷം മുതലാണ് കമ്പനി നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷാവിധികള്‍ ഏര്‍പ്പെടുത്തിയത്. ജോലിക്ക് ലെതര്‍ ഷൂ ധരിക്കാതെ വരികയോ, ഫോര്‍മല്‍ വസ്ത്രം ധരിച്ചില്ലെങ്കിലോ 50 യുവാന്‍, ഏകദേശം 7.20 ഡോളറാണ് പിഴ ഈടാക്കുക.

എന്തായാലും സംഭവം പുറത്തുവന്നതോടെ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചു. അപമാനിക്കല്‍ പരിപാടിക്ക് നേതൃത്വം കൊടുത്ത മൂന്ന് മാനേജര്‍മാര്‍ക്ക് 10 ദിവസത്തെ ജയില്‍ശിക്ഷയാണ് നല്‍കിയത്. ചൈനയിലെ തൊഴില്‍ സാഹചര്യങ്ങള്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. പ്രത്യേകിച്ച് നാമമാത്രമായ ശമ്പളവും, താമസിക്കാന്‍ കുടുസ്സ് മുറികളും നല്‍കുന്നുവെന്നാണ് പ്രധാന പരാതി.