‘കേരളം മുഴുവൻ ബഹുമാനിക്കുന്ന ഒരു വലിയ മനുഷ്യന്റെ വിടവാങ്ങൽ ദിവസം. പാലാ പോലെ ഒരു സ്ഥലത്ത് വന്നിട്ട് ഇൗ കോലംകെട്ട് കാണിച്ചവനെ എന്ത് പറയാനാണ്. അവൻ ആ വിഡിയോയിൽ പറയുന്നത് പി.സി ജോർജിന്റെ ബന്ധുവാണെന്നാണ്. ഞങ്ങളുടെ പരിചയത്തിലൊന്നും ഇങ്ങനെ ഒരുത്തനെ അറിയത്തുപോലുമില്ല. ഇവന് എന്തോ കുഴപ്പമുണ്ടെന്നല്ലാതെ എന്നാ പറയാനാ..’ കേരളം മുഴുവൻ ചിരിച്ച ആ വിഡിയോയെ കുറിച്ച് അതേ ചിരിയോടെ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞ മറുപടിയാണിത്.
കെ.എം മാണി എന്ന രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച നേതവിന് പാലാ വിട നൽകുന്ന ദിവസമാണ് പൊലീസിനെയും നാട്ടുകാരെയും അപഹസിച്ചും തെറിവിളിച്ചും ഒരു യുവാവ് ഫെയ്സ്ബുക്ക് വിഡിയോ ചെയ്തത്. ഇതിൽ അയാൾ എടുത്ത് പറയുന്ന കാര്യം ഞാൻ പി.സി ജോർജിന്റെ ബന്ധുവാണെന്നാണ്. പി.സി യുടെ ഭാഷയിൽ തന്നെ ഇതിനൊക്കെ മറുപടി പറയാൻ തനിക്ക് അറിയാമെന്നും ഇയാൾ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊരുത്തൻ ഞങ്ങളുടെ കൂട്ടത്തിലില്ലെന്നാണ് ഷോൺ പറയുന്നത്.

മാണി സാറും പപ്പയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ പോരുകളും കേരളത്തിന് അറിയാം. എന്നിട്ടും അദ്ദേഹം മരിച്ചപ്പോൾ ‍ഞാനും പപ്പയും ഞങ്ങളുടെ കുടുംബം അടക്കം അദ്ദേഹത്തെ അവസാനമായി കാണാൻ പോയി. ചടങ്ങുകൾക്കെല്ലാം പങ്കെടുത്തു. ഇതിനിടയിൽ ഇത്തരത്തിൽ വേഷം കെട്ട് കാണിച്ചവനൊയൊക്കെ എന്ത് പറയാനാണ്. പപ്പ അറിഞ്ഞിട്ടില്ല ഇൗ വിഡിയോയെ കുറിച്ച്. അറിഞ്ഞാ ചിലപ്പോൾ പറയും ഇവനൊക്കെ േവറെ പണിയില്ലേ എന്ന്. പൊലീസിനെയും നാട്ടുകാരെയും തെറി വിളിച്ച് കൊണ്ടാണ് അയാൾ സംസാരിക്കുന്നത്. അതിനുള്ള മറുപടി അപ്പോൾ തന്നെ നാട്ടുകാർ കൊടുത്തിട്ടുമുണ്ട്. ഇതിനപ്പുറം ഒന്നും പറയാനില്ല ഇവനെ കുറിച്ച്. അവൻ പി.സി ജോർജിന്റെ ബന്ധുവുമല്ല. ഞങ്ങൾക്ക് അവനെ അറിയത്തുമില്ല. ഷോൺ ജോർജ് പറഞ്ഞു. പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും തെറിവിളിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സൈബർ ലോകത്ത് ഉയരുന്നുണ്ട്.

‌കെഎം മാണിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്‍റെ വണ്ടി തടഞ്ഞ പൊലീസിനെതിരെയായിരുന്നു യുവാവിന്‍റെ വിഡിയോ. പൊലീസിനെയും നിയമവ്യവസ്ഥയെയും അധിക്ഷേപിച്ചാണ് വിഡിയോ. താൻ ലാലു പ്രസാദ് യാദവിന്‍റെ പാർട്ടിയുടെ കേരളത്തിലെ പ്രസിഡൻറാണെന്നും പിസി ജോർജിന്‍റെ ബന്ധു ആണെന്നും യുവാവ് വിഡിയോയിൽ പറയുന്നുണ്ട്. ഇയാളുടെ ഫെയ്സ്ബുക്ക് ലൈവ് മറ്റാരോ പകർത്തുകയായിരുന്നു. ഈ വിഡിയോ ആണ് പ്രചരിക്കുന്നത്. കെഎം മാണിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോകുന്നതിനിടെ ഗതാഗതക്രമീകരണം മറികടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് തടഞ്ഞതാണ് രോഷത്തിന് കാരണം.

എന്നെ തടയാൻ മാത്രം തൻറേടമുള്ള ഏതു പൊലീസുകാരനാണ് ഇവിടെയുള്ളത്. അധികകാലം തൊപ്പി തലയിലുണ്ടാകില്ല‍. നേരിടാന്‍ തന്നെയാണ് തീരുമാനം. തുടർന്ന് നാട്ടുകാരെത്തി ഇയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപെടുകയായിരുന്നു. നീയാണോടാ പൊലീസിനെ പഠിപ്പിക്കാൻ വരുന്ന നേതാവ് എന്നു പറഞ്ഞാണ് ഇയാളെ നാട്ടുകാര്‍ ഓടിക്കുന്നത്.